സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ കിഴക്കേ ബംഗ്ലാവ് പരിസരത്ത് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനുനേരെ വധശ്രമം. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് (26) ഞായറാഴ്ച പൂക്കടയിലെത്തിയ സംഘം കുത്തിപ്പരിക്കേൽപിച്ചത്.
കഴിഞ്ഞ 23ന് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പരിസരത്തുമായി സംഘം മറ്റൊരു യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലിയിരുന്നു. പൊലീസ് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇവർ കാഴ്ച്ചക്കാരായിരുന്നെന്നും ഇവർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പരിക്കേറ്റ പെയിൻറിങ് തൊഴിലാളി ആനാട് സ്വദേശി സൂരജ് (23) അറിയിച്ചതിനെതുടർന്ന് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞെന്ന കാരണം കൊണ്ടാണ് അരുണിനെതിരെ ആക്രമണം നടന്നത്.
കത്തി അരുണിെൻറ കഴുത്തിന് താഴെയായി തുളച്ചുകയറി ഒടിഞ്ഞനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് പൊലീസ് അന്വേഷണമാരംഭിച്ചു.