നഗരൂരിൽ കുടുംബത്തിനുനേരെ ആക്രമണം: നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കിളിമാനൂർ: നഗരൂർ തേക്കിൻകാട് വീടുകയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തേക്കിൻകാട് സ്വദേശികളായ ഷൈൻ നിവാസിൽ പട്ടർ എന്ന അരുൺ എം.നായർ (36), വിഷ്ണുഭവനിൽ വിഷ്ണു. എസ് (35), അരുൺ നിവാസിൽ അരുൺ (37), വിളയിൽ വീട്ടിൽ തൻസീർ (37) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തേക്കിൻകാട് പാർവതിഭവനിൽ ശംഭുവിനും പിതാവ് രാധാകൃഷ്ണൻ നായർക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. രണ്ടുവർഷം മുമ്പ് ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ശംഭുവും വിഷ്ണുവും അരുണും തമ്മിൽ സംഘർഷം ഉണ്ടാകുകയും നഗരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ശത്രുതയിലായിരുന്നു ഇരുകൂട്ടരും.
ശനിയാഴ്ച വൈകീട്ട് 4.30ന് ശംഭുവിന്റെ പിതാവ് രാധാകൃഷ്ണൻ നായരുമായി പ്രതികൾ തേക്കിൻകാട് ജങ്ഷനിൽ നടന്ന വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രതികളിലൊരാളായ വിഷ്ണുവിനെ ദേഹോപദ്രവം ഏൽപിച്ച സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.