എ.ടി.എം കൊള്ളക്കിടെ തീപിടിച്ചു; മോഷണം പാതിവഴിയിൽ ഉപേക്ഷിച്ച് കള്ളൻമാർ തടിതപ്പി
text_fieldsമംഗളൂരു: കൊപ്പൽ ടൗണിലെ ഹോസ്‌പെട്ട് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം കൗണ്ടർ തകർക്കാൻ ബുധനാഴ്ച പുലർച്ചെ കവർച്ചക്കാർ നടത്തിയ ശ്രമം യന്ത്രത്തിന് തീപിടിച്ചതിനെ തുടർന്ന് പരാജയപ്പെട്ടു. പുലർച്ചെ മൂന്നോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
അജ്ഞാതരായ അക്രമികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ തുനിയുകയായിരുന്നു. കൃത്യം നടത്തുന്നതിന് മുമ്പ്, സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പ്രതികൾ കറുത്ത ദ്രാവകം തളിച്ചു. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കിയോസ്കിന്റെ ആദ്യത്തെ ഇരുമ്പ് വാതിൽ മുറിക്കാൻ തുടങ്ങി.
എന്നാൽ കട്ടിംഗ് ഉപകരണങ്ങൾ സൃഷ്ടിച്ച കടുത്ത ചൂട് കാരണം എടിഎം മെഷീന് തീപിടിച്ചു. ഇതോടെ പരിഭ്രാന്തരായ കവർച്ച സംഘം ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തെ തുടർന്ന് കിയോസ്കിൽ കനത്ത പുക നിറഞ്ഞു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കെട്ടിട ഉടമ ഉടൻ അഗ്നിശമന സേനയെ വിവരമറിയിച്ചു. തീ കൂടുതൽ പടരുന്നതിന് മുമ്പ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കൊപ്പൽ ടൗൺ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

