അത്തീഖ് റഹ്മാൻ വധം; 11 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ പൂർത്തിയായില്ല
text_fieldsഅത്തീഖ് റഹ്മാൻ
മഞ്ചേരി: കുനിയിൽ അത്തീഖ് റഹ്മാന് വധക്കേസിൽ 11 വർഷം പിന്നിട്ടിട്ടും വിചാരണനടപടികള്‍ പൂർത്തിയായില്ല. അതീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വിധി വന്നപ്പോഴും ആദ്യകേസിന്റെ നടപടികൾ എങ്ങുമെത്തിയിട്ടില്ല. 2012 ജനുവരി അഞ്ചിനായിരുന്നു കുനിയില്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ആറുമാസം കഴിഞ്ഞാണ് 2012 ജൂണ്‍ 10ന് കേസിലെ പ്രതികളായിരുന്ന കൊളക്കാടന്‍ അബൂബക്കറും സഹോദരന് അബ്ദുള്‍കലാം ആസാദും കൊല്ലപ്പെട്ടത്. ആദ്യം നടന്ന കൊലപാതകത്തിന്റെ കേസ് നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. പട്ടാമ്പി പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ മഞ്ചേരി കോടതിയില്‍ അടുത്തമാസം ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇതിനുശേഷം കേസ് ഷെഡ്യൂള്‍ ചെയ്യുമെന്നാണ് അത്തീഖ് റഹ്മാന്റെ കുടുംബത്തിന്റെ പ്രതീക്ഷ.
ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിസാര തര്‍ക്കമാണ് അത്തീഖ് റഹ്മാനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിനും ആസാദിനും പുറമെ നാല് പ്രതികൾ കൂടിയുണ്ട്. 2012ല്‍ മഞ്ചേരി സി.ഐ ദേവദാസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സ്ഥലം മാറിപ്പോയി. ഇതോടെ വിചാരണ നടപടികള്‍ വൈകി.
അതീഖിന്റെ ഭാര്യ റുബീനയും സഹോദരന് ഷറഫുദ്ദീനും മൂന്ന് തവണ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് 2015ല്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തലശ്ശേരി സ്വദേശിയായ അഡ്വ. പി.സി.നൗഷാദിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. തുടര്‍ന്നാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. ഇനി സാക്ഷികളെ വിസ്തരിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

