'സെല്ലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു'; വിയ്യൂർ അതിസുരക്ഷാ ജയിലിൽ അസി. പ്രിസൺ ഓഫിസറെ തടവുകാർ മർദിച്ചു
text_fieldsഫയൽ
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാരുടെ മർദനമേറ്റ് അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കും മറ്റൊരു തടവുകാരനും പരിക്കേറ്റു. കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അസ്‌ഹറുദ്ദീൻ (36), മാവോവാദി മനോജ് (27) എന്നിവരാണ് അക്രമം നടത്തിയത്. അസി. പ്രിസൺ ഓഫിസർ അഭിനവ് (28), തടവുകാരൻ റെജികുമാർ (56) എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറിന് സെല്ലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം. അസ്‌ഹറുദ്ദീൻ ഉദ്യോഗസ്ഥനെ തെറിവിളിക്കുകയും മർദിക്കുകയുമായിരുന്നു. ഇയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെത്തിയ മനോജും ആക്രമണത്തിൽ പങ്കുചേർന്നു. ഇത് തടയാനെത്തിയ തടവുകാരനായ റെജികുമാറിനും മർദനമേൽക്കുകയായിരുന്നു. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
2022ലെ കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലും 2019ലെ ശ്രീലങ്കൻ ഈസ്റ്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് അസ്‌ഹറുദ്ദീൻ. ഐ.എസ് ബന്ധം, തീവ്രവാദ റിക്രൂട്ട്‌മെന്റ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2019ലാണ് എൻ.ഐ.എ ഇയാളെ അറസ്റ്റ് ചെയ്തത്.
ആഷിഖ് എന്നറിയപ്പെടുന്ന മാവോവാദി മനോജിനെ 2024 ജൂലൈയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്നു. 10 യു.എ.പി.എ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

