ലഹരിയുടെ മറവിൽ മർദനം; വീടിനുമുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് പിടികൂടി
text_fieldsവളാഞ്ചേരി: സ്ഥിരമായി ലഹരി ഉപയോഗിക്കുകയും ഭാര്യയെയും കുട്ടികളെയും മർദിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വീടിനു മുകളിൽ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
പുറമണ്ണൂർ പാറക്കുഴിയിൽ സൈതലവിയെയാണ്(33) അറസ്റ്റ് ചെയ്തത്.വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളിൽ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.പിടിക്കാൻ ശ്രമിച്ചപ്പോൾ ഓടുകൾ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു.
വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ വീടിനുമുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാർക്ക് നേരെ തുരുതുരെ എറിയാൻ തുടങ്ങി. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കി.
പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത്, എസ്.ഐമാരായ അസീസ്, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഗിരീഷ്, ഷഫീഖ്, മനു, രാജേഷ്, റഷീദ്, ആൻസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

