കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് മർദനം: സഹോദരങ്ങൾ പിടിയിൽ
text_fieldsവിനോദ്, വിശാൽ
കൊച്ചി: കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ അപ്പാർട്ട്മെന്റ് മാനേജരെ മർദിച്ച് അവശനാക്കിയ സഹോദരങ്ങൾ പൊലീസ് പിടിയിലായി.
എറണാകുളം സൗത്തിൽ കാവലക്കൽ വീട്ടിൽ വിനോദ് (22), വിശാൽ (25) എന്നിവരാണ് പിടിയിലായത്.
എറണാകുളം സ്വദേശി രാജൻ പിള്ളക്കാണ് മർദനമേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ അപ്പാർട്ട്മെന്റിലാണ് സംഭവം.
അപ്പാർട്ട്മെന്റിൽ വരുന്ന കാറുകൾ യുവാക്കളുടെ വീടിന് മുന്നിൽ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
സെൻട്രൽ എസ്.എച്ച്.ഒ വിജയശങ്കറിന്റെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്.