ബസിൽ യുവാവിനെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടാനായില്ല
text_fieldsrepsentational image
തുറവൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ യുവാവിനെ രണ്ടംഗ സംഘം മൂർച്ചയേറിയ കത്തിക്ക് വരഞ്ഞു പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളെ കണ്ടെത്താനായില്ല. പ്രതികളെ പിടികൂടാൻ ഊർജിത അന്വേഷണം തുടരുകയാണെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. തുറവൂർ വളമംഗലം തെക്ക് പുല്ലംപ്ലാവിൽ വീട്ടിൽ മണിയപ്പൻ പിള്ളയുടെ മകൻ ഗോപകുമാറിനാണ് (19)പരിക്കേറ്റത്. കഴുത്തിനും നെഞ്ചിനും കൈക്കും ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പൊന്നാംവെളി ജങ്ഷനുസമീപം കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 ന് ആയിരുന്നു സംഭവം. ചേർത്തലയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന 'ശിവപാർവതി' സ്വകാര്യബസിൽ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗോപകുമാറിനെ പിൻസീറ്റിലിരുന്ന രണ്ടുപേർ ആക്രമിക്കുകയായിരുന്നു. മുൻപരിചയമില്ലാത്ത ഇവർ ഒരു പ്രകോപനവുമില്ലാതെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ശരീരത്തിൽ വരഞ്ഞ് മുറിവേൽപിക്കുകയായിരുന്നെന്നാണ് ഗോപകുമാർ പട്ടണക്കാട് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. നെഞ്ചിൽ ആഴത്തിലെ മുറിവേറ്റു. യാത്രക്കാർ ബഹളംവെച്ചതിനെ തുടർന്ന് ബസ് നിർത്തിയപ്പോൾ അക്രമികൾ ഓടിമറഞ്ഞു. ഇവരുടെ കൈയിൽ മദ്യക്കുപ്പിയുമുണ്ടായിരുന്നതായി ബസിലെ യാത്രക്കാർ പറഞ്ഞു.