ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ തോക്ക് ചൂണ്ടി മർദിച്ചു; അഞ്ചുപേർ അറസ്റ്റിൽ
text_fieldsഇന്ദ്രജിത്ത്,യാദവ്,അനന്ദു,ദേവനാരായണൻ,രാജേഷ്
ആലപ്പുഴ: സ്വകാര്യ ബസിൽ ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത അഞ്ചുപേരെ പൊലീസ് പിടികൂടി. അമ്പനാകുളങ്ങര പുതുവൽ വെളി വീട്ടിൽ രാജേഷ് (46), മക്കളായ യാദവ് (20), ദേവനാരായണൻ (18), ഇന്ദ്രജിത്ത് (22), ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് 5.45ഓടെ ആലപ്പുഴ-മണ്ണഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന ബട്ടർഫ്ലൈ ബസിലായിരുന്നു സംഭവം. ബസിൽ ഡോറിന് സമീപംനിന്ന് യാത്ര ചെയ്ത രാജേഷിനോട് ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടർ പൊന്നാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്ദുൽ റസാക്കിനെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.
ബസിൽനിന്നിറങ്ങിയശേഷം രാജേഷ് മറ്റുള്ളവരെയും കൂട്ടി അമ്പനാകുളങ്ങര ജങ്ഷനിൽ ബസ് തടഞ്ഞ് നിർത്തുകയായിരുന്നു. ബസിനുള്ളിൽ കയറി യാദവ് ഇയാളുടെ കൈവശമിരുന്ന എയർപിസ്റ്റൽ ചൂണ്ടി റസാക്കിനെ ഭയപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു. മറ്റ് പ്രതികളും കണ്ടക്ടറെയും സുഹൃത്ത് വിഷ്ണുവിനെയും മർദിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബെന്നി, സി.പി.ഒമാരായ വിഷ്ണു, ഗോപകുമാർ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

