കരാറുകാരനെ ആക്രമിച്ച് കവർച്ച; രണ്ട് പ്രതികൾ കൂടി പിടിയിൽ
text_fieldsനിഷാദ്, അൻസാർ
ചെർപ്പുളശ്ശേരി: തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരൻ പനമണ്ണ സ്വദേശി ഗോപാലകൃഷ്ണനെ ആക്രമിച്ച് പണം, മോട്ടോർ സൈക്കിൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കവർന്ന കേസിൽ എട്ടുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ കൂടി അറസ്റ്റു ചെയ്തു. ഗോപാലകൃഷ്ണനെ ബൈക്കുകൊണ്ട് ഇടിച്ചുവീഴ്ത്തിയ ആറാംപ്രതി തിരുവനന്തപുരം വട്ടിയൂർകാവ് വാഴോട്ടുകോണം മഞ്ഞാത്തിവിള റംല കോട്ടേജിലെ നിഷാദ് (41), ഏഴാംപ്രതി പറളി ഓടനൂർ വലിയ വീട്ടിൽ മുഹമ്മദ് അൻസാർ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിഷാദിനെ തിരുവനന്തപുരത്തുനിന്നും മുഹമ്മദ് അൻസാറിനെ പാലക്കാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. 2023 ഏപ്രിൽ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഇൻസ്പെക്ടർ ടി. ശശികുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ഡി. ഷബീബ് റഹ്മാൻ ആണ് പ്രതികളെയും അറസ്റ്റ് ചെയ്തത്. പ്രതികളെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 10 പ്രതികളുള്ള കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. കുഴൽപ്പണ വിതരണക്കാർ, സ്വർണക്കടത്തുകാർ, വലിയ തുകയുമായി പോകുന്നവർ എന്നിവരെ നിരീക്ഷിച്ച് ആക്രമണം നടത്തി പണം തട്ടലാണ് സംഘത്തിന്റെ രീതി.
ഇതിനായി എൽ.ഐ.സി എന്നപേരിൽ വാട്സ് അപ് ഗ്രൂപ്പ് വഴിയായിരുന്നു ആക്രമണങ്ങൾക്ക് വിവരങ്ങൾ നൽകിയിരുന്നത്. വിവരങ്ങൾ ഗ്രൂപ്പിൽ നൽകിയിരുന്നത് നഗരസഭ കൗൺസിലർ കൂടിയായ എട്ടാം പ്രതി മൊയ്തീൻകുട്ടിയാണെന്ന് (34) പൊലീസ് പറഞ്ഞു. തൃക്കടീരിയിൽ ആക്രമത്തിനിരയായ കരാറുകാരന്റെ വണ്ടിനമ്പറും വിവരങ്ങളും മൊയ്തീൻകുട്ടി വാട്സ് അപ് ഗ്രൂപ്പിൽ നൽകിയതിന്റെയും അക്രമം നടത്തിയവർക്ക് പണം ഗൂഗിൾ പേ വഴി നൽകിയതിന്റെയും ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ, മൊയ്തീൻകുട്ടി തന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് നൽകാതെ ഒളിപ്പിച്ചതിന് തെളിവ് നശിപ്പിക്കൽ (വകുപ്പ് 201), ആക്രമത്തിന്റെ സൂത്രധാരനും ക്വട്ടേഷൻ സംഘത്തിന്റെ നടത്തിപ്പുകാരനും എന്ന നിലയിൽ (ഗൂഡാലോചന 120 ബി ) വകുപ്പുകളും അധികമായി ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജനപ്രതിനിധിയായതിനാൽ കർശന ഉപാധികളോടെ മൊയ്തീൻകുട്ടിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മറ്റ് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കേസിലെ ഒമ്പതാം പ്രതി പടിഞ്ഞാറ്റുമുറി പൂളക്കൽ വീട്ടിൽ ഉമ്മർ അലിയുടെ (25) നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിലെ ഒരുകട കേന്ദ്രീകരിച്ച് ഹവാല പണമിടപാട് നടത്തിയിരുന്നതായും ഇതുവഴി കുഴൽപണ വിതരണക്കാരുടെ നീക്കം ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകി പണം കവർന്നിരുന്നു എന്നും പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്രമ സ്വഭാവ മുള്ളവരെ കണ്ടെത്തി ചെർപ്പുളശ്ശേരി കേന്ദ്രീകരിച്ച് പുതിയ ക്വട്ടേഷൻ സംഘത്തെ രൂപപ്പെടുത്തിയത് അഞ്ചാംപ്രതി ആലിപറമ്പ് കരിക്കും പുറത്ത് താജുദ്ദീൻ (39), നാലാം പ്രതി മംഗലാകുന്ന് ചുടലപ്പാറ വീട്ടിൽ മനോജ് (29) എന്നിവർ ചേർന്നാണ്.
കേസ് അന്വേഷണം ആദ്യം എസ്.ഐ ബി. പ്രമോദിന്റെ നേതൃത്വത്തിലാണ് നടന്നത്. അക്രമികൾ ഉപയോഗിച്ച ബൈക്കുകൾക്ക് വ്യാജ നമ്പറുകളായിരുന്നതും മൊബൈൽ നമ്പറുകളുടെ വിലാസം വ്യാജമായിരുന്നതും അന്വേഷണം ആദ്യഘട്ടത്തിൽ വെല്ലുവിളി ഉയർത്തിയെങ്കിലും തുടർന്നുള്ള പ്രവർത്തനത്തിൽ അവ അതിജീവിക്കാനായി. ഇതിൽ അഞ്ച് പ്രതികളെയും അക്രമികൾ ഉപയോഗിച്ച മൂന്ന് മോട്ടോർ സൈക്കിളും അക്രമത്തിന് ഇരയായ ഗോപാലകൃഷ്ണന്റെ മോട്ടോർ സൈക്കിളും ആദ്യഘട്ടത്തിൽ കണ്ടെടുത്തിരുന്നു. തുടർന്ന് എസ്.ഐ ഡി. ഷബീബ് റഹ്മാനാണ് കേസ് അന്വേഷണം നടത്തിയത്. ഈ കേസിന്റെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

