സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്: അസം സ്വദേശി അറസ്റ്റിൽ
text_fieldsനയൻ ബറുവ
കോട്ടയം: പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കമ്പനിയിൽ സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം ധേമാജി ജില്ലയിലെ ഗോഗാമുഖ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നമ്പർ-1 സൽമാരി എൻ.സി. സ്വദേശിയും നിലവിൽ ജില്ലയിലെ പനച്ചിക്കാട് വില്ലേജിലെ പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഏദൻസ് റബർ ഇൻഡസ്ട്രീസ് കമ്പനിയിലെ താമസക്കാരനുമായ നയൻ ബറുവ (32) ആണ് അറസ്റ്റിലായത്.
പ്രതിയുടെ സഹോദരനും അതേ സ്ഥാപനത്തിൽ ജോലി ചെയ്ത് താമസിച്ചിരുന്ന മഹൻ ബറുവ (47) ആണ് കൊല്ലപ്പെട്ടത്. ഇവർ ജോലി ചെയ്ത് വന്നിരുന്ന കമ്പനിയിലെ താമസമുറിയെ സംബന്ധിച്ച തർക്കവും മഹൻ ബറുവ മദ്യലഹരിയിൽ പ്രതിയെ ചീത്തവിളിച്ചതിലുള്ള വിരോധവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ജൂൺ 28ന് റബർ കമ്പനിയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തുവെച്ച് നയൻ ബറുവ സഹോദരന്റെ മുഖത്തടിക്കുകയും തുടർന്ന് തള്ളിയിടുകയും ചെയ്തു. നിലത്തുവീണ് ഗുരുതര പരിക്കേറ്റ മഹൻ ബറുവയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ 29ന് വൈകിട്ട് മരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

