അസമിൽ യുവാവിനെ ജീവനോടെ കത്തിച്ചു; ആൾക്കൂട്ട ആക്രമണം കൊലക്കുറ്റം ആരോപിച്ച്
text_fieldsനാഗോൺ: അസമിൽ ആൾക്കൂട്ട വിചാരണക്കിടെ യുവാവിനെ ജീവനോടെ കത്തിച്ചു. നാഗോൺ ജില്ലയിലെ ബോർ ലാലുങ്ങിലാണ് സംഭവം. യുവാവിനെ തീകൊളുത്തി കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു. രഞ്ജിത് ബൊർദോലോയ് എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ ഒരു സ്ത്രീയെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയത്.
'ആൾക്കൂട്ട വിചാരണക്കിടെ കൊലപാതകക്കുറ്റം കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ ജീവനോടെ കത്തിക്കുകയും പിന്നീട് മൃതദേഹം കുഴിച്ചിടുകയും ചെയ്തതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ കുറച്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്'- പൊലീസ് സൂപ്രണ്ട് എം. ദാസ് പറഞ്ഞു.
മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

