മദ്യലഹരിയിൽ കാറപകടം: എ.എസ്.ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
text_fieldsപട്ടിക്കാട് (തൃശൂർ): മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് നിർത്താതെ പോയ സംഭവത്തിൽ എ.എസ്.ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കാലിന് സാരമായി പരിക്കേറ്റ ദമ്പതികൾക്ക് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ കണ്ണാറയിലാണ് സംഭവം.
മലപ്പുറം പൊലീസ് ക്യമ്പിലെ എ.എസ്.ഐ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. സ്പെഷൽ ഡ്യൂട്ടിക്കായി വടക്കേക്കാട് സ്റ്റേഷനിലുള്ള പ്രശാന്ത് കണ്ണാറയിലെ ഒരു വീട്ടിൽ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് രണ്ട് കൂട്ടുകാർക്കൊപ്പം കാറിൽ മടങ്ങുമ്പോഴാണ് അപകടം. കാര്‍ ഇടിച്ച് തെക്കത്ത് വളപ്പില്‍ ലിജിത്തിനും ഭാര്യ കാവ്യക്കുമാണ് പരിക്കേറ്റത്.
നിർത്താതെ പോയ കാർ കുറച്ച് ദൂരെ എത്തിയപ്പോൾ തകരാറിലായി നിന്നു. വാഹനം പിന്തുടർന്ന നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിന് കൈമാറിയത്. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കാര്‍ ഒാടിച്ചിരുന്നത് എ.എസ്.ഐ ആണെന്ന് പൊലീസ് എത്തിയ ശേഷമാണ് മനസ്സിലായത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനുമാണ് പീച്ചി പൊലീസ് കേസെടുത്തത്.