ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻ.സി.ബി ചുമത്തിയിട്ടുള്ളത്. അതേസമയം, കസ്റ്റഡി നീട്ടാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കില്ലെന്നാണ് അറിയുന്നത്. ബോളിവുഡിന് ലക്ഷ്യംവെച്ചുള്ള ബോധപൂർവ്വമുള്ള നീക്കമാണെന്ന ആരോപണങ്ങൾ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ നിഷേധിച്ചു.
ഇന്നലെ 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ആര്യന്‍ ഖാനെ ഒരു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായി എൻ.സി.ബി അറിയിച്ചു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചു പ്രതികളെ ഇന്ന് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.