ആനപ്പല്ല് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
text_fieldsവനപാലകർ പ്രതിയോടൊപ്പം
വടക്കഞ്ചേരി: സ്വകാര്യ തോട്ടത്തിൽ ചരിഞ്ഞ ആനയുടെ പല്ലുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. കോട്ടയം മുണ്ടക്കയം സ്വദേശി തോമസ് പീറ്റർ (54), വടക്കഞ്ചേരി പാലക്കുഴി ജെയ്മോൻ (48) എന്നിവരെയാണ് വനപാലകർ പിടികൂടിയത്. പീച്ചി വനമേഖലയോട് ചേർന്നുള്ള പാലക്കുഴി ഭാഗത്തെ സ്വകാര്യ തോട്ടത്തിലാണ് മാസങ്ങൾക്കുമുമ്പ് ചരിഞ്ഞ ആനയുടെ പല്ലുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ജഡത്തിൽനിന്ന് നഷ്ടപ്പെട്ട കൊമ്പുകൾക്കായി തിരച്ചിൽ ഊർജിതമാക്കി.
കോട്ടയം സ്വദേശിയായ തോമസ് പീറ്ററിെൻറ ഭൂമിയിലാണ് ആന ചരിഞ്ഞത്. ചരിഞ്ഞ ആനയിൽനിന്നെടുത്ത രണ്ട് പല്ലുകൾ കോട്ടയത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് പീറ്ററെ വനംവകുപ്പ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിെൻറ തോട്ടത്തിലെ തൊഴിലാളിയായ ജെയ്മോനെയും പാലക്കുഴിയിൽനിന്ന് അറസ്റ്റ് ചെയ്തത്. വനംവകുപ്പിെൻറ തൃശൂർ, പാലക്കാട് ഫ്ലയിങ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ തോട്ടത്തിലെ കാടുപിടിച്ചുകിടക്കുന്ന ഭാഗത്തുനിന്ന് ആനയുടെ ശരീരാവശിഷ്ടം കണ്ടെത്തി. 30 വയസ്സുള്ള ആനയുടെ 15 കിലോയോളം തൂക്കം വരുന്ന കൊമ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൃശൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ഭാസി ബാഹുലേയൻ, പാലക്കാട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ആർ. ശിവപ്രസാദ്, ബി. മുരളീധർ, വി. ഉണ്ണികൃഷ്ണൻ, കെ. ഗോപി, എ.ബി. ഷിനിൽ, കെ. സന്തോഷ് കുമാർ, എം.എസ്. ഷാജി, ഷിജു ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വനമേഖലയിൽ പരിശോധന നടത്തിയത്.