വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsസെബാസ്റ്റ്യൻ സിബിച്ചൻ
പള്ളിക്കത്തോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കൽ ഭാഗത്ത് പുത്തൻവീട്ടിൽ വടക്കേതിൽ വീട്ടിൽ സെബാസ്റ്റ്യൻ സിബിച്ചൻ (ചാക്കോച്ചി-40) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇപ്പോൾ എറണാകുളം രാമമംഗലം കുന്നക്കാട്ട് ഭാഗത്ത് വാടകക്ക് താമസിച്ചുവരികയാണ്. പള്ളിക്കത്തോട് സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് ഇവരുടെ മകൾക്ക് ഓസ്ട്രേലിയയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് മെയ്, ജൂൺ മാസങ്ങളിലായി 5,90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിച്ചതിന് തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

