സമയത്തെ ചൊല്ലിയുള്ള തർക്കം;ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsപ്രതികളായ സവാദ്, അരുൺ കുമാർ
ചാരുംമൂട്: സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജാധിരാജ ബസിലെ ജീവനക്കാരനായ ശൂരനാട് തെക്ക് ഇരവിച്ചിറ കലതിവിള വീട്ടിൽ സവാദ് (21), കൂട്ടുകാരനായ തൊടിയൂർ വേങ്ങര അഞ്ജു ഭവനത്തിൽ അരുൺ കുമാർ (23) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാരുംമൂട് റൂട്ടിലോടുന്ന നന്ദനം ബസിലെ ജീവനക്കാരനായ താമരശ്ശേരി കാട്ടുശ്ശേരി മുറിയിൽ വീട്ടിൽ രഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. ആഗസ്റ്റ് 23ന് രാത്രി ഒമ്പതിന് ചാരുംമൂട് ജങ്ഷന് വടക്കുവശത്തുള്ള വെയ്റ്റിങ് ഷെഡിലാണ് സംഭവം. സ്ഥലത്തെത്തിയ പ്രതികൾ കമ്പിവടി ഉപയോഗിച്ച് രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. രഞ്ജിത്തിന് തലക്കും കൈക്കും ഗുരുതരമായ പരിക്കുകൾ പറ്റി.
പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് ഒന്നാം പ്രതി സവാദിനെ ശൂരനാടുനിന്ന് പിടികൂടിയിരുന്നു. എന്നാൽ, ഒളിവിൽ പോയ രണ്ടാംപ്രതി അരുൺകുമാറിനെ കണ്ടെത്താനായില്ല.
അങ്കമാലിയിലെ ലോഡ്ജിൽനിന്നാണ് ഇയാളെ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിത്. സവാദ് ശൂരനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

