വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
text_fieldsബംഗളൂരു: സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ 19 വയസ്സുള്ള ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ) വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ അഞ്ചു പേരടങ്ങുന്ന സംഘത്തെ ബംഗളൂരു പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
രംഗനാഥ്, രാജേഷ്, ചന്ദൻ, ശ്രേയസ്, മഞ്ജുനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ബൈക്ക് മെക്കാനിക്കായ രംഗനാഥ് പെൺകുട്ടിക്ക് പരിചിതനായിരുന്നു.മുമ്പ് ഒരു കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയിരുന്നു.
വിവാഹത്തിന് സമ്മതം നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ രണ്ടുതവണ പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി ബഹളം വെച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് രംഗനാഥും നാല് കൂട്ടാളികളും ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായി എത്തി ചിക്കല്ലസാന്ദ്രക്കടുത്ത സിംഹാദ്രി ലേഔട്ടിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തടയാൻ ശ്രമിച്ച മാതാപിതാക്കളെ ആയുധങ്ങൾ ഉപ യോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയുടെ പിതാവ് സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പൊലീസ് രണ്ട് ടീമുകൾ രൂപവത്കരിച്ച് പ്രതികളെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി അനിത ബി. ഹദ്ദന്നവറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

