ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസുകാരൻ കൂട്ടുകാരനെ കുത്തിക്കൊന്നു
text_fieldsബംഗളൂരു: ഹുബ്ബള്ളി നഗരത്തിലെ ഗുരുസിദ്ധേശ്വര നഗറിൽ ഗെയിം കളിക്കുന്നതിനിടെ നിസ്സാര തർക്കത്തിന്‍റെ പേരിൽ ഏഴാം ക്ലാസുകാരൻ അയൽവാസിയായ കൂട്ടുകാരനെ കുത്തിക്കൊന്നു.
ഒമ്പതാം ക്ലാസ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്. കുറ്റാരോപിതനായ കുട്ടിയെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ആശുപത്രി സന്ദർശിച്ച് അദ്ദേഹം മരിച്ച കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.
ഗെയിം കളിക്കുന്നതിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവമാണിത്. എന്റെ ഇതുവരെയുള്ള സർവിസിൽ നിസാര കാര്യത്തിന്റെ പേരിൽ ഇത്രയും ചെറിയ കുട്ടികൾ കൊലപാതകം ചെയ്യുന്നത് ഇതാദ്യമാണ് - കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷിതാക്കൾ കുട്ടികളുടെ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവരും അയൽവാസികളാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാര തർക്കത്തെ തുടർന്ന് ഏഴാം ക്ലാസുകാരൻ വീട്ടിൽനിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ കുത്തുകയായിരുന്നു. ചേതൻ നിലത്തുവീണതോടെ മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ട് ഏഴാം ക്ലാസുകാരന്‍റെ അമ്മ ഓടിയെത്തി. ഉടൻ തന്നെ ചേതനെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം പതിവായി കളിക്കുന്നതാണെന്നും രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

