മരത്തിന്റെ ശിഖരം വസ്തുവിലേക്ക് ചാഞ്ഞതിനെ ചൊല്ലി തര്‍ക്കം: അയല്‍വാസിയെ ആക്രമിച്ചയാള്‍ പിടിയില്‍
text_fieldsസുഗതൻ
കൊല്ലം: അയല്പക്കത്തെ പുരയിടത്തിലെ മരത്തിന്റെ ശിഖരം വസ്തുവിലേക്ക് ചാഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അയല്‍വാസിയെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച മധ്യവയസ്കന് പിടിയില്‍. കുളത്തൂര്‍കോണം, നിതിന്‍ നിവാസില്‍ സുഗതന് ആണ് (52) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. അയല്‍വാസിയായ കുളത്തൂര്‍കോണം ഹരി നിവാസില്‍ ജയരാജിനെയാണ് (37) ഇയാള്‍ ആക്രമിച്ചത്.
ജയരാജിന്റെ കുളത്തൂര്കോണത്തുള്ള കുടുംബവീട് നില്ക്കുന്ന വസ്തുവിലെ മരത്തിന്റെ ശിഖരം സുഗതന്റെ പുരയിടത്തിലേക്ക് ചാഞ്ഞ് നിന്നിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ശിഖരം മുറിച്ച് മാറ്റാന്‍ വൈകിയതിനെ തുടർന്നാണ് സുഗതന് ജയരാജിനെ ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രിയിലാണ് സംഭവം. ജയരാജിന്റെ വീട്ടിലേക്ക് അസഭ്യം വിളിച്ചുകൊണ്ട് കയറിചെന്ന കൈയിലുണ്ടായിരുന്ന കൊടുവാള് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജയരാജിന്റെ പരാതിയെ തുടര്‍ന്ന് പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ സുരേഷ് കുമാര്‍, ജി.എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ശ്രീകുമാര്‍, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.