വായ്പ കൊടുത്ത 500 രൂപ തിരിച്ചുചോദിച്ചതിനെത്തുടർന്ന് വാക്തർക്കം; കിനാലൂർ ഏഴുകണ്ടിയിൽ രണ്ടുപേർക്ക് കുത്തേറ്റു
text_fieldsബാലുശ്ശേരി: വായ്പ വാങ്ങിയ 500 രൂപ തിരിച്ചുചോദിച്ചതിനെത്തുടർന്നുണ്ടായ വാക്തർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഇംതിയാസ് ബസിലെ ജീവനക്കാരായ വയലട കണ്ണോറ തോട്ടത്തിൽ സജിത്ത് (30), കിനാലൂർ കിഴക്കുവീട്ടിൽ ഷിജാദ് (35) എന്നിവർക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെ കിനാലൂർ എഴുകണ്ടിയിലാണ് സംഭവം. കൈതച്ചാലിലെ മനീഷിന് സജിൽ (പുട്ടാണി) വായ്പ നൽകിയ 500 രൂപ ഫോണിലൂടെ തിരിച്ചുചോദിച്ചതാണ് വാക്തർക്കത്തിനിടയായത്. മനീഷും സുഹൃത്ത് ബബിരാജും ശരത് ലാലും എഴുകണ്ടിയിലെത്തി സജിലിനെ റോഡിൽവെച്ച് മർദിക്കുകയും ബബിരാജ് കത്തികൊണ്ട് കുത്താൻ ശ്രമിച്ചത് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു യുവാവ് പിടിച്ചു മാറ്റുകയുമായിരുന്നു. സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞ സജിൽ തന്നെ മർദിച്ച സംഭവം ബസ് ജീവനക്കാരായ സുഹൃത്തുക്കളെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഷിജാദും സജിത്തും സംഭവത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ ഷിജാദിനെ ബബിരാജ് കുത്തുകയായിരുന്നു.
കുത്തിയപാടെ സ്ഥലത്തുനിന്ന് ഓടിമറയാൻ ശ്രമിച്ച ബബിരാജിനെ പിന്തുടർന്ന് പിന്നാലെ ഓടിയ സജിത്തിനെയും ഇരുട്ടിന്റെ മറവിൽ ബബിരാജ് കുത്തിപ്പരിക്കേൽപിച്ചു. ആദ്യം കുത്തേറ്റ സിയാദിനെ ആശുപത്രിയിലേക്കെത്തിക്കാൻ എത്തിയ ആംബുലൻസുകാരാണ് വഴിയിൽ കുത്തേറ്റുകിടക്കുന്ന സജിത്തിനെ കണ്ടത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയാദിന് നെഞ്ചിലും സജിത്തിന് വയറ്റിലുമാണ് കുത്തേറ്റത്. സംഭവത്തിൽ കിനാലൂർ സ്വദേശികളായ മൂന്നുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കരുമല കുന്നുമ്മൽ ബബിജിത്ത് (41), കിനാലൂർ എഴുകണ്ടി കൈതച്ചാലിൽ കെ.സി. മനീഷ് (37), കരുമല പാറച്ചാലിൽ പി.സി. ശരത് ലാൽ (36) എന്നിവരെയാണ് ബാലുശ്ശേരി എസ്.ഐ കെ. റഫീഖ് അറസ്റ്റ് ചെയ്തത്. സി.ഐ എൻ.കെ. സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.