ലഹരിവിൽപന ചോദ്യം ചെയ്ത സാമൂഹിക പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
text_fieldsചണ്ഡീഗണ്ഡ്: പഞ്ചാബിലെ മാൻസയിൽ ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിങ് വെടിയേറ്റു മരിച്ചു. ലഹരിമരുന്ന് വിൽപന പുറത്തുകൊണ്ടുവരുന്നതിനായി നടത്തിയ ഇടപെടലിനിടെയാണ് കൊല്ലപ്പെട്ടത്. ലഹരിമരുന്ന് വിൽപന നടത്തുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കടയുടമയെ ചോദ്യം ചെയ്യുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഫേസ്ബുക്ക് ലൈവിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു പർവീന്ദർ.
മാൻസയിൽ ദീർഘകാലമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇയാൾ. ലഹരിമരുന്ന് വിൽക്കുന്നുവെന്ന് സംശയിക്കുന്നവരെ നേരിട്ട് ചോദ്യം ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്യാറുണ്ടായിരുന്നു.ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രമേയങ്ങൾ പാസാക്കാൻ നിരവധി ഗ്രാമപഞ്ചായത്തുകളെ സ്വാധീനിക്കാനും പർവീന്ദറിന് സാധിച്ചിട്ടുണ്ട്. മാൻസയിലെ വ്യാപകമായ സിന്തറ്റിക് ലഹരിമരുന്ന് വിൽപന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ സിബിഐയോടും അഭ്യർഥിച്ചിരുന്നു.
മെഡിക്കൽ സ്റ്റോർ ഉടമ അശ്വനി കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അവസാനമായി പുറത്തുവന്ന ലൈവ് വിഡിയോയിൽ അശ്വനി കുമാർ ആയുധം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പർവീന്ദർ പറയുന്നതും കടയിൽനിന്ന് പ്രായമായ ഒരാൾ ലഹരിമരുന്ന് വാങ്ങിയെന്ന് ആരോപിക്കുന്നതും വ്യക്തമാണ്. പിന്നാലെ വെടിയൊച്ചകൾ കേൾക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
സംഭവത്തിനുശേഷം അശ്വനി കുമാർ ഒളിവിൽ പോയതായി പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാൾക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിന്റെ സാഹചര്യങ്ങളും ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സംഭവങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

