യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsഅഭിജിത്ത്
മുണ്ടക്കയം: ചോറ്റി ശിവരാത്രി മഹോത്സവ ചടങ്ങിനെത്തിയ യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ രണ്ടാംപ്രതി ചോറ്റി പരപ്പില്‍ അഭിജിത്തിനെ (മുത്തു -26) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ക്ഷേത്ര കാവടി ഉത്സവത്തിനെത്തിയതായിരുന്നു ഏന്തയാര്‍, ഞര്‍ക്കാട് വടക്കേചെരുവില്‍ രാഖി (31), ഭര്‍ത്താവ് ഹരിമോന്‍ (34), പിതാവ് സോമന്‍ (58) എന്നിവര്‍. ചൂട് ശക്തമായതോടെ രാഖി സമീപത്തെ കടയുടെ വരാന്തയില്‍ വിശ്രമിക്കുന്നതിനിടെ കടയുടമ വട്ടത്തറ ജയമോഹന്‍ (ജയന്‍ -48) യുവതിയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചു. ഇത് ചോദ്യംചെയ്ത ഹരിമോന്‍, സോമന്‍, രാഖി എന്നിവരെ ജയമോഹനും അഭിജിത്തും ചേര്‍ന്ന് മർദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ ഇവര്‍ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ ഫ്ലൈയിങ് സ്‌ക്വാഡ് എസ്.ഐ ലാലുവിനെയും ജയമോഹന്‍ ആക്രമിച്ചതായും കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഖിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ജയമോഹന്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ജയമോഹനെതിരെയും കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച പിടിയിലായ അഭിജിത്ത് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ പോക്‌സോ കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജയമോഹന്‍ റിമാന്‍ഡിലാണ്.