തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല, ദളിത് യുവാവിനെ വെട്ടിക്കൊന്നു, കൊലക്ക് പിന്നിൽ പെൺകുട്ടിയുടെ മാതാവെന്ന് ആരോപണം
text_fieldsട്രിച്ചി: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ ദുരഭിമാനക്കൊല. തിങ്കളാഴ്ച രാത്രിയാണ് ദളിത് യുവാവായ വൈരമുത്തുവിനെ (28) പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നത്. പ്രതികൾക്കെതിരെ എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ, കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൂരമായ കൊലപാതകത്തിന് പ്രേരണ നൽകിയത് പെൺകുട്ടിയുടെ മാതാവാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്.
സംഭവത്തെക്കുറിച്ച് മയിലാടുതുറൈ എസ്.പി ജി. സ്റ്റാലിൻ പറയുന്നത് ഇങ്ങനെ.. ‘വൈരമുത്തു അയൽവാസിയും സമാന ജാതിക്കാരിയുമായ മാലിനി (26) എന്ന പെൺകുട്ടിയുമായി പത്തുവർഷത്തോളമായി പ്രണയത്തിലായിരുന്നു. മാലിനിയും പിതാവും വൈരമുത്തുവിന്റെ അതേ ജാതിയിലുള്ള ആളാണെങ്കിലും മാതാവ് വിജയ ദളിത് വിഭാഗക്കാരിയല്ല. വൈരമുത്തുവിനെയും അയാളുടെ കുടുംബത്തേയും വിജയക്ക് ഇഷ്ടമായിരുന്നില്ല. മാലിനിയുമായുള്ള ബന്ധത്തിനും വിവാഹത്തിനും അവർ കടുത്ത എതിർപ്പുയർത്തിയിരുന്നു.
അടുത്തിടെ വൈരമുത്തുവിനെ അയാളുടെ ജോലിസ്ഥലത്തെത്തി വിജയ അധിക്ഷേപിച്ചിരുന്നു. ഇത് വൈരമുത്തു മൊബൈലിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പൊലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മാലിനി വൈരമുത്തുവിന്‍റെ കൂടെ പോവാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് മാലിനി, വൈരമുത്തുവിനോടൊപ്പം താമസിക്കാനും തുടങ്ങി. താമസിയാതെ വിവാഹം രജിസ്റ്റർ ചെയ്യാനായിരുന്നു പദ്ധതി.
വൈരമുത്തു കൊല്ലപ്പെടുന്നതിന്‍റെ രണ്ടുദിവസം മുൻപ് മാലിനി ചെന്നെയിലെ തന്‍റെ ജോലിസ്ഥലത്തേക്ക് തിരിച്ച് പോയിരുന്നു. തിങ്കളാഴ്ച രാത്രി തന്‍റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന വൈരമുത്തുവിനെ വടിവാളുകളുമായെത്തിയ ആറ് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈകൾക്കും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈരമുത്തുവിന്‍റെ അമ്മ രാജലക്ഷ്മിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രാമത്തിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കുറ്റവാളികളെ പിടികൂടാൻ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. തുടർന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
വൈരമുത്തുവിന്റെ കൊലപാതകം പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മാലിനിക്കും വൈരമുത്തുവിന്റെ കുടുംബാംഗങ്ങൾക്കുമൊപ്പം സി.പി.എം, തമിഴ്നാട് തീണ്ടാമൈ ഒഴിപ്പ് മുന്നണി, വി.സി.കെ, ഡി.വൈ.എഫ്.ഐ എന്നിവരുടേ നേതൃത്വത്തിൽ ചൊവ്വാഴ്ച മയിലാടുതുറൈ-കുംഭകോണം ഹൈവേ ഉപരോധിച്ചു. വൈരമുത്തുവിന് നീതി ലഭിക്കണമെന്നും വിജയക്കെതിരെ എസ്.സി-എസ്.ടി നിയമ പ്രകാരം നടപടിയെടുക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ വിജയയുടെ പങ്കാളിത്തം അന്വഷിക്കുമെന്നും എസ്.സി-എസ്.ടി നിയമ പ്രകാരം കേസെടുക്കുന്നതിന്റെ നിയമ സാധുതകൾ പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

