പൂച്ചാക്കലിൽ വീണ്ടും മയക്കുമരുന്ന് വേട്ട: രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പൂച്ചാക്കൽ: ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൂച്ചാക്കൽ പൊലീസ് പിടികൂടി. പാണാവള്ളി പഞ്ചായത്ത് 14ാം വാർഡ് വെട്ടത്തിൽവീട്ടിൽ ജാക്സൺ (24), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാംവാർഡ് പരുത്തിക്കാട്ട് അമ്പാടിയിൽ അമ്പാടി (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 0.670 ഗ്രാം എം.ഡി.എം.എയും 13ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കഴിഞ്ഞദിവസം 600 മില്ലിഗ്രാം എം.ഡി.എം.എയുമായി വടുതല പുതിയപാലത്തിന് സമീപത്തുനിന്ന് യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.
തേവർവട്ടം സ്കൂളിന് സമീപം മയക്കുമരുന്ന് വിൽപന നടക്കുന്നുവെന്ന് ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന ശക്തമാക്കിയിരുന്നു.
സ്കൂളിന് സമീപത്തേക്ക് ആഡംബര ബൈക്കിലെത്തിയ ഇവരെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എറണാകുളത്തുനിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്നും അമ്പാടി അരൂർ പൊലീസ് സ്റ്റേഷനിലെ കഞ്ചാവുകേസിലും അടിപിടക്കേസിലും ഇവർ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. ജാക്സൺ പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ്.
പരിശോധനക്ക് പൂച്ചാക്കൽ ഐ.എസ്.എച്ച്.ഒ എം. അജയമോഹൻ, എസ്.ഐ കെ.ജെ. ജേക്കബ്, സി.പി.ഒ മാരായ ജിനീഷ്, ടെൽസൺ, അഖിൽ, ചേർത്തല ഡി.വൈ.എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡിലെ അംഗങ്ങളായ അനീഷ്, പ്രവീഷ്, അരുൺകുമാർ, നിധിൻ, ബൈജു, ഗിരീഷ്, ശ്രീക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.