യുവാവ് അറിയാതെ നമ്പരിൽ നിന്ന് രാപകൽ അജ്ഞാത വിളികൾ, മൊബൈൽ നമ്പർ വ്യാജമായി ഉപയോഗിച്ചെന്ന് സംശയം
text_fieldsപറവൂർ: യുവാവിെൻറ മൊബൈൽ നമ്പർ വ്യാജമായി ഉപയോഗിച്ച് പലരുടെയും ഫോണിലേക്ക് വിളികൾ. ചേന്ദമംഗലം ആറങ്കാവ്രണ്ടരപറമ്പിൽ പ്രിൻസാണ് വിഷമത്തിലായിരിക്കുന്നത്. പറവൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആഗസ്റ്റ് 30 മുതൽ പകലും രാത്രിയും തെൻറ നമ്പർ ഉപയോഗിച്ച് ആരോ വിളിക്കുന്നുണ്ടെന്ന് പ്രിൻസ് പറയുന്നു.
മിസ്ഡ് കാൾ കിട്ടിയവർ തിരിച്ചുവിളിക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഫോണിലെ സിം കാർഡിെൻറ കാൾ ഹിസ്റ്ററി എടുത്തപ്പോൾ കാൾ കിട്ടി എന്നുപറഞ്ഞ് തിരിച്ചുവിളിച്ച നമ്പറുകളിലേക്കൊന്നും പ്രിൻസിെൻറ ഫോണിൽനിന്ന് ഡയൽ ചെയ്തതായി കാണുന്നില്ല.
എന്നാൽ, തിരിച്ചുവിളിക്കുന്നവരുടെ കാൾ പ്രിൻസിെൻറ ഫോണിലേക്ക് തന്നെയാണ് വരുന്നത്. കാൾ എടുത്താൽ മറുവശത്തുനിന്ന് ഒന്നും സംസാരിക്കുന്നില്ലെന്ന് തിരിച്ചു വിളിച്ചവരെല്ലാം പറയുന്നു. പ്രിൻസ് ഫോൺ സ്വിച് ഓഫ് ചെയ്യുകയും സിം കാർഡ് മാറ്റിവെക്കുകയും ചെയ്തിട്ടും കാളുകൾ പോകുന്നുണ്ട്. വ്യാജമായി ഡയൽ ചെയ്ത നമ്പറുകളുടെയെല്ലാം ആദ്യത്തെ ഏഴ് അക്കങ്ങൾ ഒന്നാണ് 8921132. പിന്നീടുള്ള 3 നമ്പറുകൾ മാറ്റി അടിച്ചാണ് കാൾ ചെയ്തിരിക്കുന്നത്. തിരിച്ചു വിളിച്ചവരുടെ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് ഈ സാമ്യം പിടികിട്ടിയത്.
കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നാണ് കൂടുതൽപേർ തിരിച്ചുവിളിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽനിന്ന് ചില വിളികൾ വന്നെന്നും പ്രിൻസ് പറയുന്നു. പരാതി സൈബർ സെല്ലിന് കൈമാറിയതായി പൊലീസ് പറഞ്ഞു.