ശമ്പളം തന്നില്ല, കള്ളക്കേസ് ചുമത്തി മണിക്കൂറുകളോളം ബന്ദിയാക്കി...റിഷികേശ് റിസോർട്ടിലെ പീഡനങ്ങൾ വിവരിച്ച് മീററ്റിലെ ദമ്പതികൾ
text_fieldsമീററ്റ്: ഉത്തരാഖണ്ഡിൽ അങ്കിത ഭണ്ഡാരിയെന്ന 19കാരിയെ കൊലപ്പെടുത്തിയ മീററ്റിലെ റിഷികേഷ് റിസോർട്ടിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം വിവരിച്ച് ദമ്പതികൾ. റിസോർട്ടിൽ നിന്ന് 10 കിലോമീറ്ററോളം ഓടിയാണ് 27കാരി റിഷിതയും 29 വയസുള്ള ഭർത്താവ് വിവേക് ഭരദ്വാജും രക്ഷപ്പെട്ടത്.
സമൂഹമാധ്യമത്തിലെ പരസ്യം വഴിയാണ് ദമ്പതികൾ ആറുമാസം മുമ്പ് റിസോർട്ടിൽ ജോലിക്ക് കയറിയത്. റിസോർട്ടിന്റെ ഫ്രണ്ട് ഓഫിസിലായിരുന്നു റിഷിതക്ക് ജോലി. വിവേക് ഹൗസ് കീപ്പിങ് വിഭാഗത്തിലും. ജോലിക്ക് ചേർന്ന് ഒരു മാസം തികയും മുമ്പേ രണ്ടുപേർക്കും മതിയായി. റിസോർട്ടിലെ നിരവധി നിയമ വിരുദ്ധ സംഭവങ്ങൾക്ക് കാഴ്ചക്കാരാകേണ്ടി വന്നതായിരുന്നു അതിന്റെ കാരണം. റിസോർട്ടിലെത്തുന്നവർക്ക് വേശ്യാവൃത്തി ചെയ്യാൻ വിസമ്മതിച്ചതാണ് അങ്കിതയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
അങ്കിതയുടെ കൊലപാതകത്തിലെ മുഖ്യപ്രതി പുൽകിത് ആര്യയുടെ സ്വഭാവദൂഷ്യമാണ് റിസോർട്ടിലെ ജോലി രാജിവെക്കാൻ കാരണമെന്ന് ദമ്പതികൾ പറയുന്നു. റിസോർട്ടിലെ അതിഥികൾക്ക് പെൺകുട്ടികളെയും മയക്കുമരുന്നും എത്തിച്ചു നൽകുന്നത് പുൽകിത് ആര്യ വളരെയധികം പ്രോൽസാഹിപ്പിച്ചിരുന്നു.
''മീററ്റിലെ വീട്ടിലേക്ക് തിരിച്ചെത്തിയതുമുതൽ ഞങ്ങൾക്ക് കേസിലെ മറ്റ് രണ്ട് പ്രതികളായ അങ്കിത് ഗുപ്തയുടെയും സൗരഭ് ഭാസ്കറിന്റെയും ഫോൺവിളി വന്നു. റിസോർട്ടിലേക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ട് ഒരാഴ്ച തുടർച്ചയായി ഇവർ വിളിച്ചുകൊണ്ടേയിരുന്നു.എല്ലാം ശരിയാക്കാമെന്നും കൂടുതൽ മെച്ചപ്പെട്ട ശമ്പളം നൽകാമെന്നും അവർ ഉറപ്പുനൽകി.''-. റിഷിതയും വിവേകും തുടർന്നു.
വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അങ്ങനെ റിഷിതയും വിവേകും തിരിച്ചുപോയി. പുൽകിതും കൂട്ടാളികളും അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നു. ഞങ്ങൾക്ക് ശമ്പളം പോലും നൽകാൻ അവർ തയാറായില്ല. ഒരിക്കൽ അതിന്റെ പേരിൽ എന്നെ മർദ്ദിക്കുക പോലും ചെയ്തു. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഹരിദ്വാർ പൊലീസിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തങ്ങളുടെ സ്റ്റേഷൻ പരിധിക്കുള്ളിലല്ല റിസോർട്ട് എന്നാണ് പൊലീസുകാർ പറഞ്ഞത്. അങ്ങനെ പട് വാരി സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഈ സ്റ്റേഷൻ പുൽകിതിന്റെ നിയന്ത്രണത്തിലായിരുന്നു.''-റിഷിത പറഞ്ഞു.
വ്യാജ മോഷണക്കേസ് ചുമത്തിയപ്പോൾ മാപ്പപേക്ഷ നൽകി ഒപ്പിടാൻ വിസമ്മതിച്ചതിന് തന്നെയും ഭർത്താവിനെയും ബന്ദികളാക്കിയതായും റിഷിത ആരോപിച്ചു. റിസോർട്ടിൽ നിന്ന് രക്ഷപ്പെട്ടാലും തങ്ങൾക്കെതിരെ പ്രയോഗിക്കാനായിരുന്നു അവർ കള്ളപ്പരാതി ഉണ്ടാക്കിയത്. രണ്ടുമാസം കഴിഞ്ഞപ്പോൾ റിസോർട്ടിൽ നിന്ന് സാഹസികമായി രക്ഷപ്പെടാൻ തീരുമാനിച്ചു. ഗാസിയാബാദിൽ നിന്നുള്ള ഒരു ജീവനക്കാരനുൾപ്പെടെ പുലർച്ചെ മൂന്നുമണിക്ക് ഞങ്ങൾ റിസോർട്ടിന്റെ മതിൽ ചാടി. 10 കിലോമീറ്ററോളം നടന്നപ്പോഴാണ് വീട്ടിലേക്ക് ബസ് കിട്ടിയത്.-വിവേക് വിവരിച്ചു. അങ്കിത കേസിൽ നാലംഗ എസ്.ഐ.ടി സംഘം ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

