മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി; മൃതദേഹങ്ങൾ കിടന്നത് റോഡിൽ
text_fieldsപ്രതി അനീഷ്, കൊല്ലപ്പെട്ട സുബ്രൻ, ഭാര്യ ചന്ദ്രിക
ആമ്പല്ലൂർ (തൃശൂർ): മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി. ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ -68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇവരുടെ മകൻ അനീഷ് (38) ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 9.15നാണ് നാടിനെ നടുക്കിയ അരുംകൊല.
ഞായറാഴ്ച രാവിലെ തന്നെ ഇവരുടെ വീട്ടിൽനിന്ന് ബഹളം കേൾക്കാമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. എന്നും വഴക്കുണ്ടാകാറുള്ളതിനാൽ അതിൽ ഇടപെടാൻ പോയില്ല.
പിന്നീട് ബഹളം കൂടിയപ്പോഴാണ് നാട്ടുകാർ ശ്രദ്ധിക്കുന്നത്. ഈ സമയം അനീഷ് ദേഷ്യപ്പെട്ട് വെട്ടുകത്തിയുമായി വന്ന് മാതാവിനെയും പിതാവിനെയും വെട്ടുന്നതാണ് ഇവർ കണ്ടത്. കുട്ടനും ചന്ദ്രികയും അയൽ വീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടുകയായിരുന്നു.
പള്ളിയിയിൽനിന്ന് വരുന്നവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവർ അനീഷിനെ തടയാൻ ശ്രമിച്ചു. അവരെ തള്ളിമാറ്റി രണ്ടുപേരെയും വെട്ടുകയായിരുന്നു.
മാതാവിന്റെ മുഖം തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. പൊലീസിനെ നാട്ടുകാർ വിളിച്ച് പറഞ്ഞെങ്കിലും അപ്പോഴേക്കും അവർ സംഭവം അറിഞ്ഞിരുന്നു. അനീഷ് തന്നെയാണ് ആദ്യം പൊലീസിനെ സംഭവം അറിയിച്ചത്.
കുട്ടനും ചന്ദ്രികക്കും രണ്ട് മക്കളാണുള്ളത്. സ്വത്തിനെ ചൊല്ലി വീട്ടിൽ കുടുംബവഴക്ക് പതിവായിരുന്നു. കുട്ടൻ റബർ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അനീഷിന്റെ സഹോദരിയും കുട്ടിയും ഇവരുടെ വീട്ടിൽ തന്നെയുണ്ട്.
കൊലപാതക ശേഷം മുറ്റത്തുണ്ടായിരുന്ന ബൈക്കിൽ കയറി അനീഷ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും താൻ പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, ഇയാൾ ഇതുവരെ കീഴടങ്ങിയിട്ടില്ല. അനീഷിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലടക്കം പരിശോധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

