ഗുണ്ടനേതാവിനെത്തേടി ആന്ധ്ര പൊലീസ് തിരുവല്ലയിൽ
text_fieldsതിരുവല്ല: ഗുണ്ടസംഘങ്ങൾ തമ്മിലുള്ള അക്രമത്തിൽ പിടിയിലായ കാപ്പ കേസ് പ്രതിയായ ഗുണ്ടനേതാവിനെത്തേടി ആന്ധ്ര പൊലീസ് എത്തി.ആന്ധ്രപ്രദേശിൽ വഴി തടഞ്ഞ് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് തിരുവല്ല തുകലശ്ശേരി ചുങ്കത്തിൽ ചിറപ്പാട്ടിൽ റോഷൻ വർഗീസിനെ (30) തേടി ആന്ധ്ര പൊലീസ് തിരുവല്ലയിൽ എത്തിയത്. ആന്ധ്രയിലെ അനന്തപുർ ജില്ലയിൽ മാർച്ച് ഏഴിന് നടന്ന കവർച്ചക്കേസിലെ അഞ്ചാം പ്രതിയാണ് റോഷൻ.
ഹൈവേയിൽവെച്ച് 1.89 കോടി രൂപ കവർന്നതായാണ് കേസ്. മൂന്ന് വാഹനത്തിൽ എത്തിയ 10 അംഗ മലയാളി സംഘമാണ് മറ്റൊരു വാഹനത്തിൽ പണവുമായി പോയവരെ തടഞ്ഞ് കവർച്ച നടത്തിയത്. മറ്റ് നാല് പ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ ജാക്സൺ (29), കോഴിക്കോട് കീഴാൽ സ്വദേശി ഷമീം (38), ആലുവ ചേരിയംപറമ്പിൽ നിഷാദ് (40), ഹരിപ്പാട് ഇലവന്താർ വടക്കേതിൽ കണ്ണൻ (25) എന്നിവർ ആന്ധ്ര പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.
അനന്തപുരിലെ രപ്താഡു സ്റ്റേഷനിൽനിന്നുള്ള പൊലീസ് സംഘം റോഷനെത്തേടി ബുധനാഴ്ചയാണ് തിരുവല്ലയിൽ എത്തുന്നത്. ഈ സമയം റോഷൻ തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോഷനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി തുകലശ്ശേരയിലെ വീട്ടിൽ റോഷൻ എത്തുകയും ഇവിടെവെച്ച് മറ്റൊരു സംഘവുമായി അടിപിടി ഉണ്ടാവുകയും ചെയ്തു.
തിരുവല്ല ആലുംതുരുത്തി സ്വദേശികളായ അംബേദ്കർ ഭവനിൽ പ്രവീൺ കുമാർ, ചെറുവേങ്ങത്തറ ലാലുരാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായിട്ടായിരുന്നു സംഘട്ടനം. എല്ലാവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിവിധ കേസുകളിൽ ഒരുമിച്ച് പ്രതികളായിട്ടുണ്ട്. ഇടക്കാലത്ത് തെറ്റിയ ഇവർ അടുത്തിടെ ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി നടന്ന അക്രമം. പരസ്പരം വടിവാൾ വീശുകയും റോഷനും പ്രവീണിനും നേരിയ പരിക്കുകൾ ഏൽക്കുകയും ചെയ്തു. ഇതേതുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കാപ്പ നിയമം ലംഘിച്ചതിനാൽ റോഷനെ സെൻട്രൽ ജയിലിൽ അടച്ചു. റോഷനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് ആന്ധ്ര പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

