അണ്ടത്തോട് കടപ്പുറത്ത് വീട് കയറി ആക്രമണം; ഒരാൾക്ക് കുത്തേറ്റു, രണ്ട് സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേർ അറസ്റ്റിൽ
text_fieldsപരിക്കേറ്റ ഷമീം, ഇൻസൈറ്റിൽ അറസ്റ്റിലായ ഫഹദ്, മുഹമ്മദ് യാസിർ
അണ്ടത്തോട്: വീടുകയറി ആക്രമത്തില്‍ യുവാവിന് കുത്തേറ്റു. രണ്ട് സ്ത്രീകൾക്കും പരിക്ക്. രണ്ട് പേർ അറസ്റ്റിൽ. അണ്ടത്തോട് കടപ്പുറം മേളിയില്‍ ഷമീമിനാണ് (26) കുത്തേറ്റത്. ഷമീമിന്റെ മാതാവ് ആമിന (51), പിതൃസഹോദരി റാബിയ (36) എന്നിവര്‍ക്കാണ് മർദനത്തിൽ പരിക്കേറ്റത്.
ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അണ്ടത്തോട് സ്വദേശികളായ കുന്നമ്പത്ത് ഫഹദ് (27), നാലകത്ത് മുഹമ്മദ് യാസിര്‍ (23) എന്നിവരെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. അസ് ലം, താനിഫ് എന്നവരെ കിട്ടാനുണ്ട്. വെള്ളി രാത്രി 11ഓടെയാണ് രണ്ട് ബൈക്കിലെത്തിയ നാലംഗസംഘം വീട്ടില്‍ കയറി ഷമീമിനെ ആക്രമിച്ചത്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് മർദനമേറ്റത്. ബഹളംകേട്ട് പരിസരവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തു. ഷമീമിനെ കുത്താന്‍ ഉപയോഗിച്ച കത്തി പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫുട്ബാള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായി വീട്ടുകാര്‍ പറയുന്നത്.
വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. നേരത്തെ അപകടത്തിൽ കൈയെല്ല് പൊട്ടി പ്ലാസ്റ്ററിൽ കഴിയുകയാണ് ഷമീം. ഷമീമിന്റെ പരിക്കേറ്റ പിതൃസഹോദരി ബധിരയും മൂകയുമാണ്. വടക്കേക്കാട് സ്റ്റേഷനിലെ എസ്.ഐമാരായ ആനന്ദ്, സുധർ, സുധാകരൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, നിബു, റിജോയി, മിഥുൻ, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

