സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ മോഷണം; 1.80 ലക്ഷം കവർന്നു
text_fieldsകോഴിക്കോട് കോട്ടൂളിയിൽ മോഷ്ടാവ് പമ്പ് ജീവനക്കാരനെ കെട്ടിയിട്ട നിലയിൽ
എറണാകുളം/ കോഴിക്കോട്: സംസ്ഥാനത്തെ രണ്ടിടത്ത് പെട്രോൾ പമ്പുകളിൽ കവർച്ച. എറണാകുളത്തെ പറവൂരിലും കോഴിക്കോട്ടെ കോട്ടൂളിയിലുമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. രണ്ടിടത്ത് നിന്നായി മൊത്തം 1,80,000 രൂപ മോഷ്ടാക്കൾ കവർന്നു.
പറവൂർ ചെറായിയിലെ പെട്രോൾ പമ്പിൽ നിന്ന് 1,30,000 രൂപയാണ് മോഷ്ടിച്ചത്. പുലർച്ചെ മൂന്നു മണിയോടെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് ഓഫീസിനുള്ളിൽ പ്രവേശിച്ചത്. രാവിലെ ഉടമസ്ഥർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മോഷ്ടാവ് പമ്പിൽ പ്രവേശിക്കുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട ശേഷമാണ് പണം കവർന്നത്. ജീവനക്കാരനെ മർദിച്ച് അവശനാക്കിയ ശേഷം കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച. 50,000 രൂപ കവർന്നതായി പൊലീസ് അറിയിച്ചു.
പുലർച്ചെ 1.45നാണ് കവർച്ച നടന്നതെന്ന് സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കെട്ടിടത്തിന്‍റെ മുകൾനിലയിൽ നിന്ന് മോഷ്ടാവ് മുളകുപൊടി വിതറുകയായിരുന്നു. മുളകുപൊടിയുടെ മണം ഉയർന്നതിനെ തുടർന്നാണ് ജീവനക്കാരൻ മുറി പരിശോധിച്ചത്. തുടർന്ന് മോഷ്ടാവ് ജീവനക്കാരനെ മർദിച്ച് അവശനാക്കി.
ശേഷം ഓഫീസിലുണ്ടായിരുന്ന പണമെടുത്ത് കടന്നുകളയുകയായിരുന്നു. സി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്നും ജീവനക്കാരനും മോഷ്ടാവും തമ്മിൽ മൽപ്പിടിത്തം നടന്നതായും പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് എറണാകുളത്ത് ഹെൽമറ്റ് ധരിച്ച പെട്രോൾ പമ്പിലെത്തിയ ആൾ കത്തിക്കാട്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

