യുവാവിനെ വീട്ടിൽ കയറി വധിക്കാൻ ശ്രമം; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
text_fieldsവെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡിൽ ആയുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമിസംഘം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. വെളിയങ്കോട് പുന്നപ്പയിൽ ആസിഫിന് (33) നേരെയാണ് വധശ്രമമുണ്ടായത്. വയറിന് കുത്തും, വലതുകൈക്ക് വെട്ടുമേറ്റ ആസിഫ് ഗുരുതരപരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
48 സ്റ്റിച്ചിട്ടാണ് വയറിലെ മുറിവ് തുന്നിക്കെട്ടിയത്. ആക്രമണം തടയാൻ ശ്രമിച്ച ആസിഫിന്റെ മാതാവ് ഖദീജ (53), പിതാവ് ഹംസ (58), സഹോദരൻ ഹാരിസ് (29) എന്നിവർക്കും പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിലെത്തിയ അക്രമിസംഘം ജനൽചില്ലുകൾ അടിച്ചുതകർക്കുകയും, ആസിഫിനെ കുത്തുകയുമായിരുന്നു. കാറിലെത്തിയ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘത്തിന് നേതൃത്വം നൽകിയ വെളിയങ്കോട് ബീവിപ്പടി ചക്കരമാക്കയിൽ റോഡ് വടക്കേപുതുവീട്ടിൽ ജംഷീറിനെ (33) പൊലീസ് പിടികൂടി.
ഞായറാഴ്ച വെളിയങ്കോട്ട് നടന്ന വിവാഹചടങ്ങിൽ ആസിഫിന്റെ സഹോദരനുമായി ജംഷീറും സംഘവും വാക്കേറ്റവും കൈയാങ്കളിയുമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ജംഷീറും സംഘവും വീട് കയറി ആക്രമിച്ചത്. അക്രമികളെത്തിയ വാഹനം രോഷാകുലരായ നാട്ടുകാർ അടിച്ചുതകർത്തു.
നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിക്കുന്നവരിൽ പ്രധാന കണ്ണിയാണ് പിടിയിലായ ജംഷീറെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു.ജംഷീറിനെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതായി പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.