വ്യാജ നമ്പർ പതിച്ച് ആംബുലൻസ് സർവീസ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: വ്യാജ നമ്പർ പതിച്ച് ആംബുലൻസ് സർവീസ് നടത്തിയ കേസിലെ മുഖ്യപ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. മൈലം ഇഞ്ചക്കാട് കാരമൂട് പാലവിള വീട്ടിൽ റെബിൻ തോമസ്(29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ഷിബുവിന്‍റെ ഉടമസ്ഥതയിലുള്ള KL-09 V 5037-ാം നമ്പർ മാരുതി ഒമിനി ആംബുലൻസ് വാഹനം വർഷങ്ങൾക്കു മുൻപ് കർണാടകയിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതാണ്.
ഈ വാഹനത്തിന്‍റെ രേഖകൾ വ്യാജമായി ഉണ്ടാക്കി അതേ കമ്പനിയുടെ മറ്റൊരു വാഹനത്തിൽ വ്യാജമായി രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ഉപയോഗിച്ച് പ്രതിയായ റോബിൻ മൂന്നു വർഷത്തോളമായി ആംബുലൻസ് സർവീസ് നടത്തിവരികയായിരുന്നു.
തന്‍റെ പഴയ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മറ്റൊരു വണ്ടി സർവീസ് നടത്തുന്ന കാര്യം ശ്രദ്ധയിൽ പെട്ട ഷിബു കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഷിബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിൽ എസ്.ഐ സുദർശനൻ സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, ജിബ്സൺ ജെയിംസ്, ബിനീഷ് കുമാർ, സലിൽ എന്നിവരടങ്ങിയ പോലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പോലീസ് നടത്തിയ വാഹന പരിശോധനയിൽ പോലീസ് പിടിച്ചെടുത്ത വാഹനത്തിന്‍റെ എഞ്ചിൻ നമ്പരുൾപ്പെടെ കൃത്രിമമായി തിരുത്തിയിട്ടുള്ളതായി കണ്ടെത്തി. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

