ഷാൻ വധം: നേരിട്ട് പങ്കുള്ള നാല് ആർ.എസ്.എസുകാർക്ക് ജാമ്യം അനുവദിച്ചു; ഒമ്പത് പ്രതികളും ജാമ്യത്തിൽ
text_fieldsന്യൂഡൽഹി: ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേരള ഹൈകോടതി നേരത്തെ ജാമ്യം റദ്ദാക്കിയ മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ദ്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി വിഷ്ണു എന്നിവർക്കാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഇതോടെ കേസിലെ ഒമ്പത് പ്രതികൾക്കും ജാമ്യം ലഭിച്ചു. 2021 ഡിസംബര്‍ 18-നാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവായിരുന്ന കെ.എസ്. ഷാനിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരമായി ആർ.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ 15 പേരെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇവർ നിലവിൽ ജയിലിൽ കഴിയുകയാണ്.
ഷാന്‍ വധക്കേസിലെ ആർ.എസ്.എസുകാരായ ഒമ്പത് പ്രതികള്‍ക്കും ആലപ്പുഴ അഡീഷനൽ സെഷൻ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യം ഹൈകോടതി റദ്ദാക്കുകയായിരുന്നു. അതിനെതിരെയാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ജാമ്യവസ്ഥകൾ കൂട്ടിച്ചേർക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി.
കഴിഞ്ഞ മേയിൽ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, പ്രതികൾ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവും നടക്കുമായിരുന്നില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. പ്രതികൾ ആർ.എസ്.എസിന്റെ ജില്ല, പ്രാദേശിക തലങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിക്കുന്നവരും സ്വാധീനമുള്ളവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വെച്ചാണ് കെ.എസ് ഷാനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. പിന്നാലെ ആർ.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഷാന്റെ കൊലപാതകമാണ് ആർ.എസ്.എസ് നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. എന്നാൽ, രഞ്ജിത് വധക്കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളിൽ പിടികൂടി. വിചാരണ പൂർത്തിയാക്കുകയും 15 പേർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ശ്രീനിവാസൻ കൊലക്ക് കാരണമായ ഷാൻ വധക്കേസിലെ പ്രതികൾ പുറത്തിറങ്ങി സ്വൈരവിഹാരം നടത്തുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

