'ഉറങ്ങാൻ പോലും കഴിയുന്നില്ല, മെന്റൽ ട്രോമ അസഹനീയം' -സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവു
text_fieldsബംഗളൂരു: സ്വർണം കടത്താൻ ശ്രമിച്ച കേസിൽ തിങ്കളാഴ്ചയാണ് ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് കന്നഡ നടി രന്യ റാവുവിനെ(33) റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡി.ആർ.ഐ) മൂന്നുദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്. 14.2 കിലോ സ്വർണമാണ് നടി ദേഹത്ത് വെച്ച് കെട്ടി കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നാണ് നടി സ്വർണം കടത്തിയത്.
അറസ്റ്റിന് പിന്നാലെ ബംഗളൂരു ലവല്ലെ റോഡിലുള്ള ഇവരുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 2.1കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപയുടെ നോട്ടുകെട്ടുകളും കണ്ടെത്തി. ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ റാവു. നിരവധി ഹിറ്റ് സിനിമകളിൽ നായികയായിരുന്നു. സ്വർണക്കടത്തിന് പിന്നിൽ വൻ റാക്കറ്റുണ്ടോ എന്ന് കണ്ടെത്താനാണ് ഡി.ആർ.ഐയുടെ ശ്രമം.
കസ്റ്റഡിയിലെടുത്ത നടിയെ ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയപ്പോൾ നടിയുടെ മുഖത്ത് നല്ല ക്ഷീണം പ്രകടമായിരുന്നു. കണ്ണുകൾക്ക് ചുറ്റും കറുത്ത വലയവും ഉണ്ടായിരുന്നു. വലിയ മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി അഭിഭാഷകരോട് പറഞ്ഞു. ''ഞാൻ എങ്ങനെയാണ് ഇതിൽ പെട്ടതെന്നാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മനസ് അന്ന് വിമാനത്താവളത്തിൽ വെച്ച് നടന്ന സംഭവങ്ങളിൽനിന്ന് മുക്തമായിട്ടില്ല. എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. വലിയ മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നത്.''-നടി കണ്ണീരോട് അഭിഭാഷകരോട് പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടെ റന്യ 27തവണ ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദർശനങ്ങളുടെ ലക്ഷ്യമെന്തെന്ന് പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് ഡി.ആർ.ഐ കോടതിയെ അറിയിച്ചിരുന്നു. നടിയുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനും കൂടുതൽ സമയം ആവശ്യമാണെന്ന് അധികൃതർ കോടതിയെ ബോധിപ്പിച്ചു. ആവശ്യം ന്യായമാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി മാർച്ച് 10 വരെ നടിയുടെ കസ്റ്റഡി ഡി.ആർ.ഐക്ക് കൈമാറി.
തിങ്കളാഴ്ച ഭർത്താവിനൊപ്പമാണ് നടി ദുബൈയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ് ആർക്കിടെക്റ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

