ജഡ്ജിയോട് വിഷം ചോദിച്ച് നടൻ ദർശൻ; ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിലാണ് ആവശ്യപ്പെട്ടത്
text_fieldsരേണുകസ്വാമി കൊലപാതക കേസിന്റെ പ്രതിമാസവാദം കേൾക്കുന്നതിനിടെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി മുമ്പാകെ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി ഹാജരായ നടൻ ദർശൻ, താൻ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടു.
കുറേ നാളുകളായി താൻ സൂര്യപ്രകാശം കണ്ടിട്ടില്ലെന്നും കൈകളിലെല്ലാം ഫംഗസ് ബാധയായെന്നും മുഷിഞ്ഞ വസ്ത്രത്തിൽനിന്ന് ദുർഗന്ധമുയരുകയാണെന്നും ദർശൻ ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ ജീവിക്കാൻ കഴിയില്ലെന്നും ദയവായി എനിക്ക് കുറച്ച് വിഷം തരണമെന്നും ഈ ജീവിതം സഹിക്കുന്നതിനുമപ്പുറമാണെന്നും ഇങ്ങനെ ജീവിതം തുടരാൻ താൽപര്യമില്ലെന്നും പറഞ്ഞു. അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് ഇ ജഡ്ജി മറുപടി നൽകി.
2024 ജൂണിൽ ചിത്രദുർഗയിൽ നിന്നുള്ള രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ സഹപ്രവർത്തകയായ പവിത്ര ഗൗഡക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് അയാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പിന്നീട് ഒരു അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.
2024 ഡിസംബറിൽ കർണാടക ഹൈകോടതി ദർശന് ആദ്യം ജാമ്യം അനുവദിച്ചു, എന്നാൽ സാക്ഷികളെ കൂറുമാറ്റാനും ഇല്ലാതാക്കാനും തക്ക ഗുരുതര ആശങ്കകൾ ചൂണ്ടിക്കാട്ടി കസ്റ്റഡിയിൽ പ്രത്യേക പരിഗണന നൽകരുതെന്ന് ഉത്തരവിട്ടും സുപ്രീം കോടതി 2025 ആഗസ്റ്റ് 14 ന് ജാമ്യം റദ്ദാക്കി. ദർശനെ അറസ്റ്റ് ചെയ്ത് നിലവിൽപജുഡീഷ്യൽ കസ്റ്റഡിയിലാണ്.
13, 14 എന്നീ പ്രതികളുടെ വിടുതൽ ഹരജികളും കോടതി പരിഗണിച്ചു, സെപ്റ്റംബർ 19 കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള തീയതിയായി നിശ്ചയിച്ചു. ബല്ലാരി ജയിലിലേക്ക് മാറ്റുന്നത് ഒഴിവാക്കണമെന്ന ദർശന്റെ അപേക്ഷയും ജയിലിൽചകിടക്കയും മെത്തയും ആവശ്യപ്പെട്ടുള്ള അപേക്ഷയും കോടതി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

