ദോഷങ്ങൾ അകറ്റാമെന്ന് പറഞ്ഞ് ആഭരണങ്ങൾ തട്ടിയ പ്രതി പിടിയിൽ
text_fieldsഉണ്ണി
മാള: പുത്തൻചിറ മങ്കിടിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദോഷങ്ങൾ അകറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഴ് പവന്റെ ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കൊടകര മരത്തംപള്ളിപ്പാടത്ത് കക്കാട്ടിൽ വീട്ടിൽ ഉണ്ണിയെ (57) ആണ് തൃശൂർ റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കൈനോട്ടക്കാരൻ എന്ന രീതിയിലാണ് ഇയാൾ മങ്കിടി ചിറവട്ടായി ഓമനയുടെ വീട്ടിലെത്തിയത്. ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് തന്ത്രത്തിൽ വയോധികയുടെ വിഷമങ്ങൾ ചോദിച്ചറിഞ്ഞു. പൂജ ചെയ്ത് ദോഷം മാറ്റാമെന്നും അതിന് ദേഹത്ത് ആഭരണങ്ങൾ പാടില്ലെന്നും പറഞ്ഞ് സ്വർണമാലയും വളകളും മോതിരങ്ങളും ഊരിവെപ്പിച്ചു. ആഭരണങ്ങൾ ചോറ്റാനിക്കരയിൽ പൂജിക്കണമെന്ന് പറഞ്ഞ് പൊതിഞ്ഞെടുത്ത് വൈകീട്ട് തിരിച്ചെത്താമെന്ന് വിശ്വസിപ്പിച്ച് കടന്നുകളയുകയായിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
ഇയാളെ കണ്ടു പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സൂചന കാര്യങ്ങൾ എളുപ്പമാക്കി. കൈനോട്ടക്കാരന്റെ മുന്നിൽ കൈ നോക്കാനെന്ന വ്യാജേനയെത്തിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് വർഷങ്ങൾക്കു മുമ്പ് കേരളത്തിലെത്തി കൈ നോട്ടവും പക്ഷി ശാസ്ത്രവുമായി കൊടകരയിൽ താമസമാക്കിയതാണ് ഇയാളുടെ കുടുംബം. തട്ടിയെടുത്ത ആഭരണങ്ങൾ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തി. ഇവ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പട്ടാപ്പകൽ നടത്തിയ തട്ടിപ്പിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ ആശ്വാസത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

