എ.എസ്.ഐയെയും കോടതി ജീവനക്കാരെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
text_fieldsമാഹിൻ ജബ്ബാർ
പൊൻകുന്നം: ചെക്ക്കേസിൽ കസ്റ്റഡിയിലെടുക്കാൻ ചെന്ന എ.എസ്.ഐയെയും കോടതി ജീവനക്കാരെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് മണ്ണംപ്ലാവ് ഓരുകോണൽ മാഹിൻ ജബ്ബാറാണ് (38) അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പൊൻകുന്നം സ്റ്റേഷനിലെ എ.എസ്.ഐ ആർ. അജിത്കുമാർ (46) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടയം സബ്കോടതിയിലെ ചെക്ക് കേസിൽ പ്രതിയായ മാഹിൻ സമൻസ് നൽകിയിട്ടും ഹാജരായില്ല. ഇതോടെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വാറന്റ് കൈമാറി പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ആമീൻ, വാറന്റ് എക്സിക്യൂഷൻ കമീഷൻ എന്നിവർ എത്തുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് പൊൻകുന്നം സ്റ്റേഷനിലെ എ.എസ്.ഐയും കൂടെയെത്തി.
ഇവർ വീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചപ്പോൾ ഇവരെ ആക്രമിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് പ്രതിയെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുവെച്ച് അറസ്റ്റ് ചെയ്തു. നിലത്തുവീണ് കാലിനും കൈക്കുമാണ് എ.എസ്.ഐക്ക് പരിക്കേറ്റത്.

