അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച പ്രതിക്ക് 11 വർഷം കഠിന തടവും പിഴയും
text_fieldsമഞ്ചേരി: അയല്‍വാസിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പു ഹുക്ക് കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 11 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. താനാളൂര്‍ കെ.പുരം കമ്പനിപ്പടി കല്ലൂര്‍പറമ്പിൽ സൈതലവിയെയാണ് (40) മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജ് എം.തുഷാര്‍ ശിക്ഷിച്ചത്.പ്രതി പിഴയടക്കുന്ന പക്ഷം 20,000 രൂപ പരാതിക്കാരനും 5000 രൂപ മൂന്നാം സാക്ഷിക്കും നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് പരാതിക്കാരന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിക്ക് നിർദേശവും നല്‍കി.
2013 മേയ് 27ന് വൈകീട്ട് അഞ്ചരക്കാണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരുടെ വീട്ടുമുറ്റത്തു നിന്നും മഴവെള്ളം പ്രതിയുടെ വീട്ടുമുറ്റത്തേക്ക് ഒഴുകുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഇരുമ്പു ഹുക്ക് കൊണ്ട് കഴുത്തിലും നെഞ്ചിലും കൊളുത്തി വലിക്കുകയും ബ്ലേഡ് കൊണ്ട് വരഞ്ഞ് ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു.തടയാനെത്തിയ പിതാവിന്റെ നെറ്റിയില്‍ ഹുക്കു കൊണ്ട് കൊളുത്തി വലിച്ച് പരിക്കേല്‍പ്പിക്കുകയും സഹോദരിയുടെ നാഭിക്ക് ചവിട്ടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
താനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.സി. സന്തോഷ്, ജെ.മാത്യു, ടോണി ജെ. മറ്റം എന്നിവരാണ് കേസന്വേഷണം നടത്തിയത്.പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ബാബു 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.21 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ വിങ്ങിലെ എസ്.സി.പി. ഒ സബിത ഓളക്കല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

