യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsരാജു
കൊട്ടിയം: അക്രമി സംഘങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യം കാരണം ചേരിതിരിഞ്ഞ് നടന്ന സംഘട്ടനത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കൊട്ടിയം പൊലീസ് പിടികൂടി. മുഖത്തല കിഴവൂര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ രാഹുല്‍ ഭവനില്‍ രാജുവിനെയാണ് (44) അറസ്റ്റ് ചെയ്തത്. കിഴവൂർ സ്വദേശിയായ സനിലാണ് കൊല്ലപ്പെട്ടത്. കേസിലെ രണ്ടാം പ്രതി സതീഷ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. വര്‍ഷങ്ങളായി ഇരുവിഭാഗങ്ങളും തമ്മില്‍ നിലനിന്നിരുന്ന വിരോധമാണ് യുവാവിന്റെ ജീവന്‍ നഷ്ടപ്പെടുന്ന അക്രമസംഭവത്തിൽ കലാശിച്ചത്.
സംഭവത്തിനെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതികളായ രാജുവിനും സതീഷിനും കിഴവൂര്‍ സ്വദേശികളായ അഭിരാജിനോടും സുഹൃത്തായ സനിലിനോടും വര്‍ഷങ്ങളായി വൈരാഗ്യമുണ്ടായിരുന്നു. ഇക്കഴിഞ്ഞ നാലിന് രാത്രി എട്ടരയോടെ പ്രതിയായ സതീഷും സുഹൃത്തായ സുനിലും കൂടി കിഴവൂര്‍ എ.പി ജങ്ഷനില്‍ നില്‍ക്കുമ്പോൾ അഭിരാജും സനിലും ബൈക്കില്‍ അതുവഴി വന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. ഇവിടേക്ക് വന്ന രാജു കൈയില്‍കരുതിയിരുന്ന കത്തി ഉപയോഗിച്ച് സനിലിനെയും അഭിരാജിനെയും കുത്തിപ്പരിക്കേല്‍പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഏറെ കഴിയും മുമ്പേ സനില്‍ മരിച്ചു. കൊട്ടിയം പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവശേഷം സ്ഥലത്തുനിന്ന് മുങ്ങിയ രാജുവിനെ ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാർ, കൊട്ടിയം ഇന്‍സ്‌പെക്ടര്‍ എം.സി. ജിംസ്റ്റല്‍, എസ്.ഐമാരായ സുജിത്ത് ജി. നായര്‍, ഷിഹാസ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍, ജി.എസ്.ഐ സലീംകുമാര്‍, എ.എസ്.ഐ ഫിറോഷ് ഖാന്‍, സുനില്‍ കുമാര്‍, സ്‌പെഷല്‍ ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു, ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു രതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

