ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 74 വർഷം കഠിനതടവ്
text_fieldsനാദാപുരം: ഒമ്പതുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 74 വർഷം കഠിന തടവും 85000 രൂപ പിഴയും വിധിച്ചു. എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെയാണ് (61) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.
2024 ജനുവരിയിൽ കുട്ടിയുടെ മാതാവ് മരണപ്പെട്ട സമയത്ത് വീട്ടിൽ രക്ഷാകർത്താവായി സ്വയം എത്തിയ ബന്ധുവായ പ്രതി പല ദിവസങ്ങളിലും കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടി സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപികയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതി 2024 ഫെബ്രുവരി ഒന്നുമുതൽ ജയിലിലാണ്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. 2024 ജനുവരി 31ന് രജിസ്റ്റർ ചെയ്ത കേസ് തൊട്ടിൽപാലം പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനുവാണ് അന്വേഷിച്ചത്. സബ് ഇൻസ്പെക്ടർ ആയിരുന്ന എം.പി. വിഷ്ണു, ഗ്രേഡ് എ.എസ്.ഐ, കെ.പി. സുശീല എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

