യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് തടവ്
text_fieldsപത്തനംതിട്ട: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വർഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ. മലയാലപ്പുഴ കരിമ്പാറമല വട്ടത്തകിടിയിൽ ദീപു ആർ. ചന്ദ്രനെയാണ് (38) പത്തനംതിട്ട അഡീഷനൽ ഡിസിട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. വിഷ്ണു ശിക്ഷിച്ചത്.
കരിമ്പാറമല സ്വദേശിയായ അശ്വിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 2020ൽ മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അടിയേറ്റ് അശ്വിന്റെ കണ്ണിന് താഴെ അസ്ഥിക്കും താടിക്കും പൊട്ടൽ സംഭവിച്ചിരുന്നു. ഭാര്യയെ ദീപു നിരന്തരം ദേഹോപദ്രവം ഏൽപിച്ചിരുന്നു. ഈ വിവരം പ്രതിയുടെ ഭാര്യയുടെ സഹോദരനെ അറിയിച്ചതിലും പരാതിക്കാരന്റെ വീടിനു മുൻവശമിരുന്നു മദ്യപിക്കുന്നതും വിലക്കിയതിലുമുള്ള വിരോധമാണ് കൃത്യംനടത്താൻ പ്രതിയെ പ്രേരിപ്പിച്ചത്.
ദേഹോപദ്രവമേൽപിച്ചതിന് രണ്ടു വർഷം കഠിനതടവും അസ്ഥിക്ക് പൊട്ടൽ സംഭവിപ്പിച്ചതിലേക്ക് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും കൊലപാതകശ്രമത്തിന് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി കഠിന തടവ് അനുഭവിക്കാനും പിഴത്തുക ഈടാക്കുന്ന പക്ഷം അശ്വിന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. മലയാലപ്പുഴ സബ്ഇൻസ്പെക്ടർ ബേസിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ ജി. സണ്ണിക്കുട്ടിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് സ്കൂട്ടർ അഡ്വ. അനിൽകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

