സി.സി ടി.വി കാമറകള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിൽ
text_fieldsഅറസ്റ്റിലായവർ
വലിയതുറ: വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി ടി.വി കാമറകള്‍ കവർന്ന കേസിലെ പ്രതികളെ വളിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് വലിയതുറ എഫ്.സി.ഐക്ക് സമീപം ടി.സി 71 /7313-ല്‍ സൂസി ഭവനില്‍ റോബിന്‍സണ്‍ ഗോമസ് എന്ന പ്രദീപ് (42), വള്ളക്കടവ് വലിയതുറ കൊച്ചുതോപ്പ് യു.എസ്.ഇ ഗ്രൗണ്ടിന് പിറകുവശം വാറുവിളാകം പുതുവല്‍പുരയിടം സൗമ്യ ഭവനില്‍ തദയൂസ് എന്ന സതീശന് (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ കേസുകളിലെ പ്രതികളും കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞവരുമാണ് പ്രതികളെന്ന് വലിയതുറ പൊലീസ് അറിയിച്ചു. വലിയതുറ എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ അജേഷ് കുമാര്‍, സി.പി.ഒമാരായ സവിത്, രഞ്ജിത് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ ലഭിക്കാതിരിക്കാനാണ് സി.സി ടി.വി കാമറകള്‍ കവരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

