നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
text_fieldsപ്രശാന്ത്
കൊട്ടിയം: സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിലായി. കല്ലുംതാഴം കിളികൊല്ലൂർ, എള്ളുവിള ശാന്തിഭവനിൽ പ്രശാന്ത് ആണ് (27) പിടിയിലായത്. വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, വധശ്രമം, അക്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപിക്കുക എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്.
ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ കിഴവൂർ എ.പി ജങ്ഷനിൽ സംഘം ചേർന്ന് യുവാവിനെയും സുഹൃത്തിനെയും മർദിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിക്കുകയും ആയുധംകൊണ്ട് കാലിൽ അടിച്ച് അസ്ഥിക്ക് പൊട്ടൽ ഏൽപിക്കുകയും ചെയ്ത കുറ്റത്തിനാണ് കേസ്.
കിഴവൂർ എ.പി ജങ്ഷന് സമീപം ലക്ഷ്മി ഭവനിൽ സുരേഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം വിളിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലും, കിഴവൂർ പുതുവേലിൽ കിഴക്കതിൽ വിനോദിനെ വീട്ടിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കൊട്ടിയം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ അനിൽ, സി.പി.ഒ പ്രശാന്ത് എന്നിവർ നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പിടികൂടാനായത്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കൊട്ടിയം സബ് ഇൻസ്പെക്ടർ സുജിത്ത് ജി. നായരുടെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

