നിരവധി കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ
text_fieldsമാക്രി രഞ്ജിത്ത്
കുണ്ടറ: നിരവധി കേസുകളിൽ ഉൾപ്പെട്ട പേരയം ഇടമല മിനിവിലാസത്തിൽനിന്നും പൂനുക്കന്നൂർ, ചിറയടി ക്ഷേത്രത്തിനു സമീപം അമ്പലംവിള വീട്ടിൽ താമസിക്കുന്ന മാക്രി രഞ്ജിത്ത് എന്ന രഞ്ജിത്ത് (28) കാപ്പ നിയമ പ്രകാരം അറസ്റ്റിൽ.
ആയുധംകൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, പിടിച്ചുപറി, നരഹത്യാശ്രമം എന്നിങ്ങനെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരിധിയിൽ 14ഓളം കേസുകളിൽ പ്രതിയാണ്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കലക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെറീഫിന്‍റെ നിർദേശാനുസരണം കുണ്ടറ ഐ.എസ്.എച്ച്.ഒ മഞ്ചുലാലിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആനന്ദ് കൃഷ്ണൻ, ബിമൽഘോഷ്, എ.എസ്.ഐ സതീശൻ, സി.പി.ഒമാരായ ബിനു, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറു മാസത്തിനിടയിൽ കാപ്പ നിയമ പ്രകാരം അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയാണ് രഞ്ജിത്ത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.