പോക്സോ കേസിൽ പ്രതിക്ക് 41 വർഷം കഠിന തടവും പിഴയും
text_fieldsഫസൽ
വാടാനപ്പള്ളി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി ചക്കാമഠത്തിൽ പൂശാരി ക്ഷേത്രത്തിന് സമീപം പണിക്കവീട്ടിൽ ഫസലിനെയാണ് (26) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിദ്യാർഥിനിയെ പ്രണയം നടിച്ചു ഫോണിലൂടെ ഇൻസ്റ്റാഗ്രാം മുഖേന മെസ്സേജുകൾ അയച്ചും പിൻതുടർന്ന് സ്നേഹം നടിച്ചു പ്രലോഭപ്പിച്ചു പലദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചുകയറിയും ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. പിഴ അടക്കാത്ത പക്ഷം 16 മാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷനിത ചന്ദ്രൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ കെ. അജിത് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് ഇൻസ്‌പെക്ടർമാരായ സാബുജി, ബിനു എന്നിവർ കേസിന്റെ തുടർന്നുള്ള അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എസ്.ഐ സുജിത് കുമാർ കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രോസിക്യൂഷനുവേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫിസർ എം.ആർ. സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

