കൊലക്കേസ് പ്രതി 13 വർഷത്തിനുശേഷം യു.പിയിൽ പിടിയിൽ
text_fieldsഅറസ്റ്റിലായ ഷാനവാസ്
മാള: കൊലക്കേസ് പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിലായി. 2009ൽ മാള കൊമ്പിടിഞ്ഞാമാക്കലിൽ യു.പി സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ ഉത്തർപ്രദേശ് സഹാരൻപുർ ജില്ല ചിൽക്കാന സ്വദേശി ഷാനവാസാണ് (36) അറസ്റ്റിലായത്.
കടം വാങ്ങിയ 600 രൂപ സുഹൃത്തായ ഷോക്കി തിരിച്ച് കൊടുത്തിരുന്നില്ല. പണം ലഭിക്കാത്ത ദേഷ്യത്തിൽ ഷാനവാസ് ഷോക്കിയെ മരവടികൊണ്ട് അടിച്ചു. ഇത് ശ്രദ്ധയിൽപെട്ട നദീം എന്ന മറ്റൊരു സുഹൃത്ത് തടയാൻ ശ്രമിച്ചു. അതിന്റെ ദേഷ്യത്തിൽ ഷാനവാസ് തൊട്ടടുത്ത പണിസ്ഥലത്തുനിന്ന് സ്ക്രൂഡ്രൈവർ എടുത്ത് നദീമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
കുത്തുകൊണ്ട് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ നദീം ആശുപത്രിയിൽ മരിച്ചു. അന്ന് പിടിയിലായ ഷാനവാസിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചപ്പോൾ ഇയാൾ യു.പിയിലേക്ക് കടക്കുകയായിരുന്നു.
ദിവസങ്ങൾക്കുമുമ്പ് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേ ആണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ചത്. യു.പിയിൽ ഫർണിച്ചർ പ്രവൃത്തികൾ മാത്രം നടത്തുന്ന സഹാരൻപുർ കലാസിയ റോഡിലെ സ്ഥാപനത്തിൽനിന്നാണ് അന്വേഷണസംഘം പ്രതിയെ കണ്ടെത്തിയത്. സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
യു.പിയിലെത്തിയ കേരള പൊലീസ് സംഘം ആദ്യം ഇയാൾ താമസിക്കുന്ന ഗലി കണ്ടെത്തി. തുടർന്നാണ് കലാസിയ റോഡിലെ ഫർണിച്ചർ നിർമാണമേഖലയിൽ താമസിച്ച് ജോലി ചെയ്യുകയാണെന്ന് മനസ്സിലാക്കിയത്. സഹാരൻപുർ സ്റ്റേഷനിലെ പൊലീസുകാരനെയും കൂട്ടി ബൈക്കുകളിൽ എത്തി തന്ത്രപരമായാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐ എൻ.പി. ഫ്രാൻസിസ്, എ.എസ്.ഐ ചന്ദ്രശേഖരൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, ടി.വി. വിമൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണസംഘത്തെ റൂറൽ എസ്.പി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

