13കാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവും 10 ലക്ഷം പിഴയും
text_fieldsഗുലാം റബ്ബാനി
കിഴക്കമ്പലം: 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. അസം സ്വദേശി ഗുലാം റബ്ബാനിയെയാണ് (40) പെരുമ്പാവൂർ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.
അഞ്ച് വകുപ്പുകളിലായി 20 വർഷം വീതമാണ് ശിക്ഷയെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 2020-22 കാലയളവിൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. പിതാവ് മരിച്ച പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
പ്ലൈവുഡ് കമ്പനി ജീവനക്കാരനായിരുന്ന ഗുലാം റബ്ബാനി സ്കൂൾ അവധി ദിവസങ്ങളിൽ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് കേസ്. ഇതിനിടെ പെൺകുട്ടി ഗർഭിണിയാവുകയും 14-ാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. പ്രതിയുടെ ഭീഷണിയെ തുടർന്ന് ആദ്യം പെൺകുട്ടി ആൺസുഹൃത്തിന്റെ പേര് പറഞ്ഞെങ്കിലും ശാസ്ത്രീയ പരിശോധനയിൽ ഗുലാം റബ്ബാനിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പിഴയായി വിധിച്ച 10 ലക്ഷം രൂപയിൽ 7.5 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

