ഒളിവിൽ കഴിഞ്ഞ നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsഅഖിൽ
പത്തനംതിട്ട: മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ അടൂർ പൊലീസ് പിടികൂടി. അടൂർ പെരിങ്ങനാട് ചാല പോളച്ചിറ രാമചന്ദ്രൻപിള്ളയുടെ മകൻ കണ്ണൻ എന്ന അഖിലാണ് (37) കുടുങ്ങിയത്. 2018 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇയാൾ, അടൂർ സ്റ്റേഷനിൽ മാത്രം 15 ക്രിമിനൽ കേസുകളിൽ പ്രതിയാണ്, ഏറെയും മോഷണക്കേസുകളാണ്. അടിപിടിക്കേസുകളിലും പ്രതിയായ ഇയാളുടെ പേരിൽ നിലവിൽ 18 കേസുകളുണ്ട്.
ഏനാത്ത്, പന്തളം, കോന്നി സ്റ്റേഷനുകളിൽ ഓരോ കേസ് ഉൾപ്പെടെയാണിത്. കൂടാതെ സംസ്ഥാനത്തെ വിവിധ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത സമാന കേസുകളിലും പ്രതിയാണ്. ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അന്വേഷിച്ച് ഗുജറാത്തിലും മറ്റും ദിവസങ്ങളോളം അടൂർ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് അടൂർ ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ സാഹസിക നീക്കത്തിലാണ് അടൂർ കരുവാറ്റയിൽ പിടിയിലായത്.