വയോധികയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ
text_fieldsസദ്ദാം ഹുസൈൻ, ഹനീഷ്
പാലക്കാട്: പൂടൂരിൽ വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. പിരായിരി സയദ് ഉപാസന നഗർ സ്വദേശി സദ്ദാം ഹുസൈൻ, പേഴുങ്കര മുല്ലമ്പില് വീട്ടിൽ ഹനീഷ് എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം ഉച്ചക്ക് 67കാരിയായ വയോധിക പൂടൂർ പുഴയിൽ നിന്നും കുളികഴിഞ്ഞ് വരുമ്പോൾ സദ്ദാം ഹുസൈൻ കൈകൾ കൊണ്ട് വായ മൂടി പിടിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മൂന്ന് വളയും രണ്ടുമാലകളുമുൾപ്പെടെ 9.5 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് ഹനീഷിനൊപ്പം ബൈക്കിൽ കടന്നുകളയുകയായിരുന്നു. സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും നൽകാനായിരുന്നില്ല. തുടർന്ന് ലഭ്യമായ വിവരങ്ങളുമായി രേഖാചിത്രമടക്കം തയാറാക്കിയാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ വലയിലാക്കിയത്.
ഇതിനിടെ പ്രതികൾ താടിവടിക്കുകയും മുടിവെട്ടി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. സുജിത് കുമാർ, സബ്ബ് ഇൻസ്പെക്ടർ സി.കെ. രാജേഷ്, സബ്ബ് ഇൻസ്പെക്ടർ (ഗ്രേഡ്) വി. നന്ദകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

